ഗാന്ധിഘാതകർ രാജ്യത്തിനെതിരെ എന്തും ചെയ്യും: എം.വി.ഗോവിന്ദൻ

Wednesday 15 March 2023 12:53 AM IST

പത്തനാപുരം: ഗാന്ധി ഘാതകർ രാജ്യത്തിനെതിരെ എന്തും ചെയ്യുമെന്നും മഹാത്മ ഗാന്ധിജിയുടെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയ്ക്ക് പത്തനാപുരത്ത് നൽകിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ ആർ.എസ്.എസും ബി.ജെ.പിയും അംഗീകരിക്കില്ല. മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടനയ്ക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷതയുടെ കേന്ദ്രം കേരളമാണ്. ഇവിടെയാണ് ആർ.എസ്.എസും ബി.ജെ.പിയും വിഷം കലർത്താൻ ശ്രമിക്കുന്നത്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്ര ഏജൻസികളെയും കരുവാക്കുകയാണ്. ഒരുപാട് ശരികൾക്കിടയിൽ തെറ്റുകളും ഉണ്ടാകും. അവ തിരുത്തുകയാണ് വേണ്ടത്. സി.പി.എമ്മിൽ ഉൾഭയം ഇല്ല. പാർട്ടിയുടെ നിലപാട് അനുസരിച്ചുള്ള തിരുത്തലുകൾ ഉണ്ടാകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പാർട്ടിക്കുള്ളിൽ വിഭാഗീയത ഉണ്ടായിരുന്നു. നിലവിൽ വിഭാഗീതയെല്ലാം പൂർണമായും ഒഴിവാക്കിയാണ് പ്രവർത്തനങ്ങൾ. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകും. മസിൽ പവർ കൊണ്ടല്ല കാര്യശേഷി കൊണ്ടാണ് സി.പി.എം നിലനിൽക്കുന്നത്. ആരുടെയും തലയെടുത്തു കൊണ്ടല്ല സി.പി.എം ഉയർന്നുവന്നത്. പാർട്ടി ജനകീയ സംവിധാനത്തോടെയാണ് പ്രവർത്തിക്കുന്നത്. ഫ്യൂഡലിസവും മുതലാളിത്തവും അവസാനിച്ചിട്ടില്ല. ജാഥയോടെ പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെട്ടു. മുഴുവൻ ജനങ്ങൾക്കും സ്വന്തമായി ഭൂമി എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.