നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: പൈപ്പുകള്‍ എത്തി തുടങ്ങി

Wednesday 15 March 2023 1:13 AM IST

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്കായി പൈപ്പുകള്‍ എത്തിതുടങ്ങി. കൊല്‍ക്കത്തയില്‍ നിന്നും ലോറി മാര്‍ഗ്ഗമാണ് പൈപ്പുകളെത്തുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 30 കിലോമീറ്ററിലേക്കുള്ള പൈപ്പുകളാണ് എത്തുക. ദേശീയപാത, പൊതുമരാമത്ത് റോഡ്, മറ്റു പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലൂടെ സ്ഥാപിക്കുന്നതിനുള്ള ഡി.ഐ പൈപ്പുകളാണ് ആദ്യമെത്തുന്നത്. 100 ലോഡ് പൈപ്പുകളാണ് ആദ്യമെത്തുകയെന്ന് കരാറുകാരന്‍ പറഞ്ഞു.
കിണര്‍ നിര്‍മ്മാണം കക്കാട് ബാക്കിക്കയത്ത് ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തോടെ കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആദ്യ വാരത്തില്‍ പൈപ്പ് ലൈനുകളുടെ പ്രവൃത്തി ആരംഭിക്കും. കക്കാട് ബാക്കിക്കയം മുതല്‍ ചുള്ളിക്കുന്ന് വരെയുള്ള പമ്പ് ഹൗസില്‍ നിന്നും ശുദ്ധീകരണ ശാലയിലേക്കുള്ള പ്രധാന ലൈന്‍ പൈപ്പുകളാണ് ആദ്യം സ്ഥാപിക്കുന്നത്. ഇത് ഒമ്പത് കിലോമീറ്ററാണുള്ളത്. മൂന്ന് ജെ.സി.ബികള്‍ ഉപയോഗിച്ച് ഒരു ദിവസം 300 മീറ്റര്‍ എന്ന തോതില്‍ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത തരത്തില്‍ ഒരു മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. പൊതുമരാമത്ത് റോഡുകളിലും മറ്റു പ്രധാന റോഡുകളിലുമായി 21 കിലോമീറ്റര്‍ ഡി.ഐ പൈപ്പുകള്‍ തന്നെയാണ് സ്ഥാപിക്കുക. വീടുകളിലേക്കും മറ്റും കണക്‌ഷന്‍ നല്‍കുന്നതിന് സാധാരണ രീതിയിലുള്ള പൈപ്പുകളും ഉപയോഗിക്കും. പഞ്ചായത്തിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കണമെങ്കില്‍ ഈ പൈപ്പ് ലൈന്‍ ഏകദേശം 120 കിലോമീറ്റര്‍ വരുമെന്നാണ് കണക്കാക്കുന്നത്.
ബാക്കിക്കയത്ത് നിര്‍മ്മാണം ആരംഭിച്ച കിണറില്‍ എട്ട് മീറ്ററില്‍ തന്നെ പാറയായതിനാല്‍ പൊട്ടിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്. 58 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ശുദ്ധീകരണ ശാല, വാട്ടര്‍ ടാങ്ക് എന്നിവ രണ്ടാം ഘട്ടത്തിലാണ്. അവയുടെ ടെൻഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

2024 ഡിസംബറോടെ പദ്ധതി നാടിന് സമര്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.

Advertisement
Advertisement