കുഞ്ഞ് മരിച്ച സംഭവം പരാതിയുമായി ഭർതൃമാതാവും

Wednesday 15 March 2023 1:51 AM IST

കോഴിക്കോട് : കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ പ്രസവത്തിനിടെ കുട്ടി മരിക്കുകയും തുടർന്ന് ആശുപത്രിയിലെ ഡോക്ടറെ ബന്ധുക്കൾ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി ഭർതൃമാതാവ് പൊലീസിൽ പരാതി നൽകി.യുവതിയുടെ ഭർതൃമാതാവ് കുന്ദമംഗലം ടി.വി. ഫാത്തിമാ ബീവിയാണ് നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ യുവതി പരിചരിച്ച ഗൈനക്കോളജിസ്റ്റ് ഡോ.അനിതക്കെതിരെ പരാതി നൽയിരിക്കുന്നത്. മകന്റെ ഭാര്യയെ പ്രസവവേദനയെ തുടർന്ന് രാവിലെ അഡ്മിറ്റ് ചെയ്തിട്ടും വൈകീട്ട് വരെ വേണ്ട ചികിത്സ നൽകിയില്ലെന്നും ഇതു കാരണമാണ് മകന്റെ കുഞ്ഞ് പ്രസവത്തിൽ തന്നെ മരിക്കാൻ കാരണമായതെന്നും പരാതിയിൽ പറയുന്നുണ്ട്. കൂടാതെ ദിവസങ്ങൾ കഴിഞ്ഞിട്ടും മരുമകൾക്ക് ദേഹാസ്വസ്ഥം മാറാത്തതിനാലും എം.ആർ.ഐ സ്‌കാനിംഗിന്റെ റിസൾട്ട് പെട്ടെന്ന് ആവശ്യപ്പെട്ടതിലും സംസാരിക്കുവാൻ ചെന്ന തന്നെ മർദ്ദനമേറ്റ ഡോ.പി.കെ. അശോകൻ പിടിച്ചു തള്ളിയതായും തന്റെ കൈക്കും മറ്റും പരിക്ക് പറ്റിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ സംഭവത്തിലെ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുണമെന്നുമാണ് ഫാത്തിമ ബീവി തന്റെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് യുവതിയും ബന്ധുക്കളും കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുമ്പിൽ സമരം നടത്തുകയും സിറ്റിപൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.