സ്പീക്കറുടെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം; പ്രതിപക്ഷ എം എൽ എമാരെ വാച്ച് ആന്റ് വാർഡ് കയ്യേറ്റം ചെയ്തെന്ന് ആരോപണം

Wednesday 15 March 2023 11:10 AM IST

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം നടത്തി. ഇവരെ ബലം പ്രയോഗിച്ചാണ് വാച്ച് ആൻഡ് വാർഡ് മാറ്റിയത്. ഇതിന് ശേഷമണ് സ്പീക്കർ ഓഫീസിലേയ്ക്ക് കയറിയത്.

എംഎൽഎമാരെ തടയാൻ വാച്ച് ആന്റ് വാർഡ് എത്തിയതോടെ വലിയ രീതിയിൽ ബഹളമായിരുന്നു. സ്പീക്കർക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവ്, അൻസലൻ എന്നിവർ ഓഫീസിന് മുന്നിലെത്തിയിട്ടുണ്ട്. പരസ്പരം ആക്രോശിച്ച്, ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരും നടന്നിരുന്നു.

അതേസമയം, വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും എംഎല്‍എ കെ കെ രമ പ്രതികരിച്ചു. സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ഉദ്ദേശം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു.

ബലപ്രയോഗത്തിനിടെ യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധംകെട്ട് വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.