'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്'; അടിയന്തര പ്രമേയ നോട്ടീസ് അവതരണം സ്പീക്കർ നിഷേധിച്ചു

Wednesday 15 March 2023 12:06 PM IST

തിരുവനന്തപുരം: പോത്തൻകോട് ചെങ്കോട്ടുകോണത്ത് 16കാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.

നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുകയാണെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. തുടർന്ന് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേയ്ക്കിറങ്ങി. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

അതേസമയം, നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത് എന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞത്. നിയമസഭയിൽ ഭരണ - പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.