സ്വർണം പൊടിച്ച് അടിവസ്ത്രത്തിൽ തേച്ച് കടത്താൻ ശ്രമം: മലപ്പുറം സ്വദേശി പിടിയിൽ

Thursday 16 March 2023 4:22 PM IST
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ അടിവസ്ത്രത്തിൽ സ്വർണമിശ്രിതം തേച്ച് പിടിപ്പിച്ച നിലയിൽ

നെടുമ്പാശേരി: 34 ലക്ഷം രൂപ വിലവരുന്ന 640 ഗ്രാം സ്വർണം പൊടിച്ച് അടിവസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. അബുദാബിയിൽ നിന്ന് ഇന്നലെ രാവിലെ എട്ടിന് നെടുമ്പാശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.

ഗ്രീൻചാനലിൽ കടക്കുന്നതിനിടെ കാണിച്ച തിടുക്കവും പാന്റിന്റെ പോക്കറ്റിൽകൂടി കയ്യിട്ട് അടിവസ്ത്രം നേരെയാക്കുന്നതും ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ ദേഹപരിശോധന നടത്തുകയായിരുന്നു. മൂന്ന് അടിവസ്ത്രങ്ങൾ ധരിച്ച് അതിലൊന്നിന്റെ ഉള്ളിലാണ് സ്വർണം പൊടിച്ച് പശ ഉപയോഗിച്ച് തേച്ചുപിടിപ്പിച്ചിരുന്നത്. അടിവസ്ത്രത്തിന്റെ അതേതുണി ഉപയോഗിച്ച് സ്വർണം മറച്ചിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അടുത്തിടെയാണ് ഇയാൾ അബുദാബിയിലേക്ക് പോയത്. മാർച്ചിൽ ഇതുവരെ മൂന്ന് കിലോ 340 ഗ്രാം സ്വർണമാണ് ഏഴ് പേരിൽ നിന്നായി നെടുമ്പാശേരി കസ്റ്റംസ് പിടികൂടിയത്.