നെല്ല് സംഭരണത്തിലെ നി‍യന്ത്രണം: കർഷകർ പ്രതിസന്ധിയിൽ

Thursday 16 March 2023 12:03 AM IST

പാലക്കാട്: താങ്ങുവില നൽകി നെല്ല് ശേഖരിക്കുന്നതിൽ സപ്ലൈകോ നിയന്ത്രണം ഏർപ്പെടുത്തിയത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഈ സീസണിൽ ഏക്കറിന് 2200 കിലോവരെ മാത്രമേ സംഭരിക്കൂ എന്നാണ് സപ്ലൈകോ നിലപാട്. ഇടനിലക്കാരായ ഏജന്റുമാർ ചില കർഷകരെ സ്വാധീനിച്ച് പുറത്തുനിന്ന് വാങ്ങിയ നെല്ല് ഉപയോഗിച്ച് കർഷകരുടെ പെർമിറ്റ് ദുരുപയോഗപ്പെടുത്തി സപ്ലൈകോ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിപ്പ് നടത്തുന്നത് വർദ്ധിച്ചതോടെയാണ് സപ്ലൈകോ പരിധി നിശ്ചയിച്ചത്.
നെല്ലിന് പ്രോത്സാഹന ബോണസ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെ വയലുകളിൽ വിളഞ്ഞ നെല്ല് പൂർണമായി എടുക്കുന്നതിലും നിയന്ത്രണമേർപ്പെടുത്താനുള്ള സപ്ലൈകോ നിലപാടിൽ കർഷകർ ആശങ്കയിലാണ്. അഞ്ചേക്കർ വരെ കൃഷി ചെയ്യുന്ന ചെറുകിട നാമമാത്ര കർഷകർക്കും 25 ഏക്കർ വരെ കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്കും സംസ്ഥാന പ്രോത്സാഹന ബോണസ് ഉൾപ്പെടെ നെല്ലിന് കിലോഗ്രാമിന് 28.20 രൂപയും ഇതിലധികം കൃഷി ചെയ്യുന്ന കർഷകർക്കും ഗ്രൂപ്പുകൾക്കും താങ്ങുവിലയായ 20.40 രൂപയും നൽകാനാണ് പുതിയ തീരുമാനം. ഒരോ കൃഷിഭവൻ പരിധിയിലും 15 ശതമാനം പേരും അഞ്ച് ഏക്കറിന് മുകളിൽ നെൽകൃഷിയുള്ള കർഷകരാണ്. ഇവർക്ക് അടിസ്ഥാന താങ്ങുവില 20.40 രൂപ പ്രകാരമാണ് ലഭിക്കുക.


നെല്ലെത്തുന്നു തമിഴ്നാട്ടിൽ നിന്ന്

ഇടനിലക്കാർ അമിത ലാഭംകൊയ്യാൻ തമിഴ്നാട്ടിൽ നിന്നു നെല്ലെത്തിക്കുന്നു. ചില വൻകിട കർഷകരുടെ പിന്തുണ ഇവർക്കുണ്ട്. എരുത്തേമ്പതി മൂങ്കിൽമട, കൊഴിഞ്ഞാമ്പാറ കരിമണ്ണ്, നല്ലേപ്പിള്ളി കുറ്റിപ്പള്ളം, നങ്ങാംകുറിശി, ആലാംകടവ്, പന്നിപെരുന്തല, മൂച്ചിക്കുന്ന്, എലപ്പുള്ളി തോട്ടക്കര തുടങ്ങിയ പ്രദേശങ്ങളിലെ മില്ലുകളിൽ ടൺകണക്കിനു നെല്ല് ഇത്തരത്തിൽ സംഭരിച്ചു വച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു.

തമിഴ്നാട്ടിൽ നിന്നു കിലോഗ്രാമിനു 17 മുതൽ 19 രൂപ വരെ നൽകിയാണു നെല്ലു വാങ്ങുന്നത്. കേരളത്തിൽ സപ്ലൈകോ സംഭരിക്കുന്നത് 28.20 രൂപയ്ക്കും. ഇതുകൊണ്ടാണ് തമിഴ്നാട്ടിലെ വിലകുറഞ്ഞ നെല്ല് കൊയ്ത്ത് ആരംഭിക്കുന്നതിനു മുമ്പേ രഹസ്യകേന്ദ്രങ്ങളിൽ എത്തിച്ചത്. ഈ നെല്ല് ഇവിടെ രജിസ്റ്റർ ചെയ്ത കർഷകരുടെ പേരിൽ സപ്ലൈകോയ്ക്ക് അളന്നാണു തട്ടിപ്പു നടത്തുന്നത്. ഇതിനു ചില പാടശേഖര സമിതി ഭാരവാഹികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായി കർഷകർ പറയുന്നു.

Advertisement
Advertisement