ആരാധകർക്ക് സന്തോഷകാഴ്‌ച; മടങ്ങിവരവിന്റെ വേഗം കൂട്ടി പന്ത്, സ്വിമ്മിംഗ് പൂളിലൂടെ നടന്നു |VIDEO
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ശേഷം തിരിച്ചുവരവിന്റെ ശുഭസൂചനകൾ നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റർ ഋഷഭ് പന്ത്. സ്വിമ്മിംഗ്പൂളിലൂടെ മെല്ലെ നടക്കുന്ന വീഡിയോയാണ് താരം ഇൻസ‌്‌റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അതിനിടയിലുള്ള എല്ലാത്തിനും നന്ദി' എന്ന് പന്ത് വീഡിയോയിൽ കുറിച്ചിരിക്കുന്നു.
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ വച്ച് കാർ ഡിവൈഡറിൽ ഇടിച്ചുകയറി കത്തിയാണ് ഋഷഭ് പന്തിന് ഗുരുതര പരിക്കേറ്റത്. ശേഷം ചികിത്സയിലായിരുന്ന പന്ത് നാൽപത് ദിവസങ്ങൾക്ക് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ തന്റെ പോസ്‌റ്റ് വഴി തിരിച്ചുവരവിന്റെ ആദ്യ സൂചനകൾ നൽകിയിരുന്നു. ബിസിസിഐയ്‌ക്കും ജെയ് ഷായ്‌ക്കും സർക്കാർ സംവിധാനങ്ങൾക്കും അന്ന് പന്ത് നന്ദി പറയുകയും ചെയ്‌തിരുന്നു. ഈ വർഷം നടക്കുന്ന പ്രധാന പരമ്പരകളിലും ഐപിഎൽ സീസണും ലോകകപ്പും പന്തിന് നഷ്‌ടമാകും. വിചാരിച്ചതിലും കൂടുതൽ സമയം പന്തിന് മടങ്ങിവരാൻ വേണ്ടിവരുമെന്നാണ് വിവരം.