അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയിലേക്ക്
കൊച്ചി: നഗരത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുളള അജൈവ മാലിന്യങ്ങൾ നഗരസഭ ക്ലീൻ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി. സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരമാണ് ക്ലീൻ കേരള കമ്പനിക്ക് മാലിന്യങ്ങൾ കൈമാറുക.
ഇനിമുതൽ വീടുകളിൽ നിന്ന് ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുളള ഉത്തരവാദിത്വം ഹരിതകർമ്മ സേനയ്ക്കായിരിക്കും. കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് കൊച്ചിയിൽ രൂപീകരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ പരിശീലനം 31നകം പൂർത്തിയാക്കും. ഏപ്രിൽ ഒന്നു മുതൽ വീടുകളിൽ നിന്ന് ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് ഹരിത കർമ്മ സേനയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതുവരെ നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തി തന്നെയാകും നഗരസഭ മാലിന്യ ശേഖരണം നടത്തുക. നഗരസഭ ഒരുക്കുന്ന എം.സി.എഫുകളിൽ നിന്നും നഗരസഭയുടെ കളക്ഷൻ പോയിന്റുകളിൽ നിന്നുമായിരിക്കും ക്ലീൻ കേരള കമ്പനി അജൈവമാലിന്യങ്ങൾ ശേഖരിക്കുക.
ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ഇനി പ്ലാന്റിലേക്ക് കൊണ്ടുപോകില്ലെന്ന് തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ മാലിന്യസംസ്കരണം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപദ്ധതിയും രൂപീകരിച്ചു. ഇതിനായി പ്രവർത്തന കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്.
ഇന്നലെ ഇടപ്പള്ളി 37ാം ഡിവിഷനിലെ നഗസഭയുടെ മാലിന്യ കളക്ഷൻ പോയിന്റിൽ നിന്നുമാണ് മൂന്നു ടണ്ണിലധികം വരുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. മേയർ എം. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ഡിവിഷൻ കൗൺസിലർ ദീപ വർമ്മ, ക്ലീൻ കേരള കമ്പനി ഡിസ്ട്രിക്ട് മാനേജർ ഗ്രീഷ്മ പി.വി., റിസോഴ്സ് പേഴ്സൺ ഡി.പി. ശശിധരൻ എന്നിവർ പങ്കെടുത്തു.
മാലിന്യം തെരുവിൽ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യാതെ നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം മാലിന്യ സംസ്കരണം ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കുവാനുളള നഗരസഭയുടെ ഉദ്ദ്യമത്തോട് ജനങ്ങൾ സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.