നാലുമുദ്രകൾ പതിച്ച ആഭരണങ്ങൾ വിറ്റഴിക്കാൻ അനുവദിക്കണം.

Thursday 16 March 2023 1:26 AM IST
ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ

കൊച്ചി​: കേരളത്തിലെ സ്വർണാഭരണശാലകളിലുള്ള നാലു മുദ പതിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ ഏപ്രിൽ ഒന്നി​നു ശേഷവും അനുവദിക്കണമെന്നും എച്ച്.യു.ഐ.ഡി മുദ്ര പതിക്കാൻ സാവകാശം വേണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നാലു മുദ്രകൾ പതിച്ച ആഭരണങ്ങളുടെയും എച്ച്.യു.ഐ.ഡി പതിച്ച ആഭരണങ്ങളുടെയും പരിശുദ്ധി ഒന്നു തന്നെയായതിനാലും സ്റ്റോക്കിലും, കണക്കിലുമുള്ളതാണെന്നും കാട്ടി കേന്ദ്ര ഉപഭോക്ത മന്ത്രാലയത്തിന് പതിനയ്യായിരം ഇ-മെയിൽ സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ അയച്ചിട്ടുണ്ട്. ഹാൾമാർക്കിംഗ് സെന്ററുകളിൽ എച്ച്.യു.ഐ.ഡി പതിച്ചു നൽകുന്നതിന് 3 ദിവസം വരെ കാലതാമസമെടുക്കുന്നു. സെർവർ ജാമാണെന്ന് സെന്ററുകൾ പറയുന്നു. 14 ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് ആഭരണങ്ങളിൽ എച്ച്.യു.ഐ.ഡി പതിക്കുക അപ്രായോഗികമാണ്. സാവകാശം അനുവദിക്കുക മാത്രമാണ് പോംവഴിയെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ , ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.