ഗണേശ്കുമാർ ഇടപെട്ടു: ഷീബയ്‌ക്ക് ആസ്റ്ററിൽ വിദഗ്‌ദ്ധ ചികിത്സ

Thursday 16 March 2023 4:26 AM IST

കൊച്ചി: തുടരെയുള്ള ശസ്ത്രക്രിയകളെ തുടർന്ന് ഒരു വർഷത്തിലേറെയായി ദുരിതത്തിലായ നിർദ്ധന യുവതിക്ക് കെ.ബി. ഗണേശ്കുമാർ എം.എൽ.എയുടെ ഇടപെടലിൽ എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയിൽ സൗജന്യ വിദഗ്ദ്ധ ചികിത്സ. നാല് ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയ നടത്തിയിട്ടും വയറ്റിൽ പൊട്ടിയൊഴുകുന്ന മുറിവുമായി കഴിഞ്ഞ പത്തനാപുരം വാഴപ്പാറ ഷീജ മൻസിലിൽ ഷീബയ്‌ക്കാണ് (47) ആസ്റ്ററിൽ ചികിത്സയാരംഭിച്ചത്.

നിയമസഭയിൽ ഷീബയുടെ ദുരവസ്ഥ വിവരിച്ച ഗണേശ്കുമാർ, ഡോക്ടർമാർക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു. എല്ലാവഴികളും അടഞ്ഞപ്പോഴാണ് ഷീബ ഗണേശ്കുമാറിന്റെ സഹായം തേടിയത്. ആസ്റ്റർ അധികൃതർ ചികിത്സ ഏറ്റെടുക്കാമെന്ന് എം.എൽ.എയെ അറിയിച്ചതോടെ ഇന്നലെ രാവിലെ ഷീബയെ ആശുപത്രിയിലെത്തിച്ചു. ഗർഭാശയ മുഴ നീക്കാൻ ഫെബ്രുവരിയിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതു മുതലാണ് ഷീബയുടെ ദുരിതം ആരംഭിച്ചത്.

 തുടക്കം ഗർഭാശയ മുഴ

18 വർഷം മുമ്പ് ഭർത്താവ് മരിച്ച ഷീബ ഏഴു വർഷം കുവൈറ്റിൽ വീട്ടുജോലിക്കാരിയായിരുന്നു. വയറുവേദനയെ തുടർന്ന് നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഗർഭാശയമുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഒരാഴ്ച കഴിഞ്ഞ് തടിപ്പും അസഹ്യ വേദനയുമുണ്ടായി. ആശുപത്രിയിലെത്തിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി വയറ്റിലെ പഴുപ്പ് നീക്കിയെങ്കിലും വേദന ശമിച്ചില്ല. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമെത്തി. ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് വിഷമിപ്പിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. ഷീബ ജോലിക്ക് നിന്നിരുന്ന കുവൈറ്റിലെ കുടുംബം നൽകിയ രണ്ടു ലക്ഷം രൂപയും അല്പം സമ്പാദ്യവും ചികിത്സയ്ക്കു ചെലവായി. രണ്ടു സഹോദരിമാരും കാഴ്ചയില്ലാത്ത ഉമ്മയുമാണ് ഷീബയ്ക്കുള്ളത്. വിവാഹിതയായ മൂത്ത സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ജെ.സി.ബി ക്ലീനറായ ബന്ധുവാണ് സഹായത്തിന് ആശുപത്രിയിലുള്ളത്.

'ഷീബയുടെ വിവരം ആസ്റ്റർ മെഡ്‌സിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എല്ലാ ചികിത്സയും അവർ സന്തോഷപൂർവം ഏറ്റെടുക്കുകയായിരുന്നു. മുറിവിൽ നിന്ന് പഴുപ്പൊലിക്കുന്ന നിലയിൽ ഒരു സ്ത്രീയെ പെരുവഴിയിലേക്ക് ഇറക്കിവിടുകയും ബസിൽ കയറി സൗകര്യം പോലെ വന്നോളാൻ പറയുകയും ചെയ്യുന്നത് ഏത് വലിയ ഡോക്ടറായാലും അംഗീകരിക്കാനാവില്ല. പാവങ്ങളോട് എന്തും പറയാമെന്ന സമീപനം മാറ്റണം. മന്ത്രി പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാർഹമാണ്".

- കെ.ബി. ഗണേശ്കുമാർ, എം.എൽ.എ

'മുറിവുകളിൽ നിന്ന് പഴുപ്പ് ഒഴുകുന്ന നിലയിലാണ്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയാക്കി. പരിശോധനാ റിപ്പോർട്ടുകൾ വിലയിരുത്തി തുടർചികിത്സ നിശ്ചയിക്കും".

- ആസ്റ്റർ ആശുപത്രി

Advertisement
Advertisement