പുല്ലാട് ശാഖാ ഭാരവാഹിയെ മർദ്ദിച്ച സംഭവം : എസ്.ഐയെ സ്ഥലംമാറ്റി
പത്തനംതിട്ട: ക്ഷേത്ര ഉത്സവത്തിനിടെ എസ്.എൻ.ഡി.പി യോഗം 4294-ാം നമ്പർ പുല്ലാട് ടൗൺ ശാഖായോഗം മാനേജിംഗ് കമ്മിറ്റി അംഗം എ.കെ സന്തോഷിനെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ കോയിപ്പുറം സ്റ്റേഷൻ എസ്.ഐ ഗ്ലാഡ്‌വിൻ എഡ്വേർഡിനെ അന്വേഷണവിധേയമായി സ്ഥലംമാറ്റി. കൊടുമൺ സ്റ്റേഷനിലേക്കാണ് മാറ്റിയത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.
എസ്.ഐയ്ക്കെതിരെ നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനും പുല്ലാട് ടൗൺ ശാഖയും എസ്.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി.
പുല്ലാട് കുളത്തിങ്കൽ പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് മർദ്ദിച്ചത്. സമാധാനപരമായി നടന്നുകൊണ്ടിരുന്ന ഘോഷയാത്ര, സ്ഥലത്തെത്തിയ കോയിപ്പുറം സ്റ്റേഷൻ എസ്.ഐ ഗ്ലാഡ്വിൻ എഡ്വേർഡ് മനപൂർവം തടസപ്പെടുത്താൻ ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കുവാൻ എ.കെ സന്തോഷ് എസ്.ഐയെ സമീപിച്ചു. ഉത്സവം അലങ്കോലമാക്കുന്നത് ശരിയല്ലെന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ക്ഷുഭിതനായ എസ്.ഐ സന്തോഷിനെ തള്ളിയിട്ടശേഷം മർദ്ദിച്ചു. ഇതിനെതുടർന്ന് നാട്ടുകാരും ക്ഷേത്രഭാരവാഹികളും സംയുക്തമായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയിരുന്നു.