വലഞ്ചുഴി പാലം അറ്റകുറ്റപ്പണി തുടങ്ങി

Thursday 16 March 2023 12:17 AM IST
വലഞ്ചുഴി പാലം അറ്റകുറ്റപ്പണി നടത്തുന്നു

പത്തനംതിട്ട : വലഞ്ചുഴി നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികളും പെയിന്റിംഗും ആരംഭിച്ചു. നഗരസഭയെയും പ്രമാടം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 2014ൽ അഡ്വ. എ.സുരേഷ് കുമാർ നഗരസഭാ ചെയർമാനായിരുന്നപ്പോഴാണ് ഇരുമ്പു നടപ്പാലം നിർമ്മിച്ചത്. 41 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചെലവ്. അടൂർ പ്രകാശ്, ആന്റോ ആന്റണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ വികസന ഫണ്ടിൽ നിന്ന് പണം ശേഖരിച്ചാണ് പാലം നിർമ്മിച്ചത്. സർക്കാർ ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള (സിൽക്കാണ്) പാലം നിർമ്മിച്ചത്. പഞ്ചായത്തിൽ നിന്ന് ജില്ലാ ആസ്ഥാനത്തേക്ക് വരുന്ന ദൂരം പാലം വന്നതോടെ ആറ് കിലോമീറ്ററായി കുറഞ്ഞിരുന്നു. വലഞ്ചുഴി​ ക്ഷേത്ര ഭക്തർക്കും ഇത് വലിയ സഹായമായി. ഏഴ് വർഷം മുമ്പാണ് പാലത്തിൽ പെയിന്റിംഗ് നടന്നത്. വലിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകുന്നതിനാൽ ഇരുമ്പു പാലത്തിൽ തുരുമ്പും ഉണ്ടായിരുന്നു. വെള്ളപ്പൊക്ക കാലത്ത് പാലത്തിൽ വലിയ തടികൾ വന്നിടിച്ചിരുന്നുവെങ്കിലും യാതൊരു തകരാറും സംഭവിച്ചിട്ടില്ല. തുരുമ്പ് മാറ്റുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് പെയിന്റിംഗ് ജോലികൾ തുടങ്ങും.

'' കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടർന്ന് പാലത്തിന്റെ പഞ്ചായത്ത് വശത്തുള്ള ആറ്റു തീരം ഇടിഞ്ഞുപോയിരുന്നു. പഞ്ചായത്തിനും എം.എൽ.എയ്ക്കും നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് നഗരസഭയെ കൊണ്ട് ആറ്റുതീരം കോൺക്രീറ്റ് ചെയ്ത് കെട്ടാൻ ശ്രമം നടത്തുകയാണ്. ചെയർമാന് ഇത് സംബന്ധിച്ച നിവേദനം നൽകുകയും തുടർനടപടികൾ സ്വീകരിക്കാൻ എൻജിനി​യറിംഗ് വിഭാഗത്തിന് ചെയർമാൻ നിർദ്ദേശം നൽകിയിരിക്കുകയുമാണ്‌.

എ.സുരേഷ് കുമാർ, വാർഡ് കൗൺസിലർ.