കരാർ വ്യവസ്ഥകൾ മാറ്റിയെന്ന് ടോണി ചമ്മിണി

Thursday 16 March 2023 12:18 AM IST

കൊച്ചി: കേരളത്തിലെ എട്ടു കേന്ദ്രങ്ങളിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാൻ ടെൻഡർ വിളിച്ചപ്പോൾ സോൺട കമ്പനിയെ സഹായിക്കാൻ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന് മുൻ മേയർ ടോണി ചമ്മിണി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ സോൺട കമ്പനിക്ക് ടെൻഡർ ലഭിച്ചതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. സോൺട കമ്പനിയുടെ ഗോഡ്ഫാഫാദറാണ് മുഖ്യമന്ത്രി. കരാർ ലഭിക്കും മുമ്പ് 2019 മേയിൽ നെതർലാൻഡിൽ വച്ച് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സോൺട പ്രതിനിധികളുമൊത്തുള്ള ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. സോൺട ഡയറക്ടർമാരായ ഡെന്നീസ് ഈപ്പൻ, പീറ്റർ ബോയർ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ സ്വീകരിക്കാനുള്ള ചുമതല കെ.എസ്.ഐ.ഡി.സി യെ ഏല്പിച്ചത് പിൻവലിക്കണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടപടികൾ പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement