കേരളത്തിന്റെ തോൽപ്പാവക്കൂത്ത് പഠിക്കാൻ ജപ്പാൻ പാവകളി സംഘം

Thursday 16 March 2023 12:33 AM IST

ഒറ്റപ്പാലം: വള്ളുവനാടൻ ക്ഷേത്രങ്ങളിലെ പൂരത്തോടനുബന്ധിച്ചു നടക്കുന്ന തോൽപ്പാവക്കൂത്ത് കലാവതരണം കാണാൻ ജപ്പാൻ പാവകളി സംഘം കൂനത്തറയിലെത്തി. ജപ്പാനിലെ ടവകസ് നഗരത്തിൽ നിന്നും കൊയന്നോ, നവുകൂ എന്നിവർ നേതൃത്വം നൽകുന്ന പാവകളി സംഘമാണ് തോൽപ്പാവക്കൂത്തിന്റെ കേരള തനിമ കാണാൻ തോൽപ്പാവക്കൂത്ത് ആചാര്യൻ കൂനത്തറ രാമചന്ദ്രപുലവരുടെ വസതിയിലെത്തിയത്. കൊവിഡ് പ്രതിസന്ധി മൂലം ഇവർക്ക് കഴിഞ്ഞ വർഷം വരാൻ സാധിച്ചിരുന്നില്ല. നൂറ്റാണ്ടുകളുടെ പഴമയുടെ ചരിത്രമുള്ള കേരളത്തിലെ തോൽപ്പാവക്കൂത്തിനെ കുറിച്ചും ഗ്രാമപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിലെ പാവകളിയുടെ പാരമ്പര്യ രീതികളും അറിയുവാനും പഠിക്കാനും വേണ്ടിയാണ് ജപ്പാൻ പാവകളി സംഘത്തിന്റെ വരവ്. തിയറ്റർ അനുഭവം പകർന്ന് നൽകുന്ന ആധുനിക രീതിയുള്ള ജപ്പാനിലെ പാവകളിയും പാരമ്പര്യ രീതിയുള്ള കേരളത്തിലെ തോൽപ്പാവക്കൂത്തും സംയോജിപ്പിച്ചുകൊണ്ടു പുതിയ പാവനാടകം സംവിധാനം ഒരുക്കാനുള്ള ശ്രമമാണ് ജപ്പാൻ പാവകളി സംഘവും കൂനത്തറ രാമചന്ദ്രപുലവരുടെ തോൽപ്പാവകൂത്ത് സംഘവും ശ്രമിക്കുന്നത്.
കേരളത്തിന്റെ പാരമ്പര്യ രീതിയുള്ള പാവക്കൂത്തിനെ പഠിക്കാൻ ഏഴ് ദിവസം ഇവർ ഇവിടെ ഉണ്ടാവുമെന്ന് രാമചന്ദ്രപുലവരുടെ മകൻ രാജീവ് പുലവർ പറഞ്ഞു. ചിനക്കത്തൂർ പൂരം, കാവശ്ശേരി പാവക്കൂത്തു മഹോത്സവം, കോഴിമാംപറമ്പ് പൂരം തുടങ്ങിയവയും സംഘം ഇതിനകം സന്ദർശിച്ചു. തോൽപ്പാവക്കൂത്തു പാവനിർമ്മാണം, കമ്പരായണം പാട്ടുകൾ തുടങ്ങിയ രീതികളും ഇവർ പഠിക്കുന്നുണ്ട്.

Advertisement
Advertisement