ശബരിമലയിൽ കുളിർമഴ പെയ്തു

Thursday 16 March 2023 12:03 AM IST

ശബരിമല : കനത്ത ചൂടിന് ആശ്വാസമേകി ശബരീശ സന്നിധിയിൽ കുളിർമഴ പെയ്തു. ഇന്നലെ വൈകിട്ട് 5.30നാണ് സന്നിധാനത്തും പമ്പയിലും മഴ തുടങ്ങിയത്. മീനച്ചൂടേറ്റ് മല കയറിയെത്തിയ ഭക്തർക്ക് ഇത് ആശ്വാസമായി. മീനമാസ പൂജകൾക്കായി ഇന്നലെ രാവിലെ 5ന് തന്ത്രി മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. നിർമ്മാല്യ ദർശനത്തിനുശേഷം കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ നേതൃത്വത്തിൽ ഗണപതി ഹോമം നടന്നു. തുടർന്ന് നെയ്യഭിഷേകം ആരംഭിച്ചു. അഷ്ടാഭിഷേകത്തിനും കലശപൂജകൾക്കും ശേഷം കളഭാഭിഷേകം നടന്നു. ഉച്ചപൂജയ്ക്കുശേഷം ഒരു മണിയോടെ അടച്ചനട വൈകിട്ട് 5ന് തുറന്നു. ദീപാരാധനയ്ക്കുശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. മീനമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടഅടക്കും.