കുളനടയി​ലും മാലിന്യം കത്തി​

Thursday 16 March 2023 12:05 AM IST

പന്തളം : കുളനട മത്സ്യ മാർക്കറ്റിന് സമീപം കൂട്ടി​യി​ട്ട മാലിന്യത്തിന് തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിയി​ലാക്കി​. ഇന്നലെ വൈകി​ട്ടാണ് സംഭവം. ക്ലീൻ കേരള പദ്ധതി പ്രകാരം തരംതിരിക്കുന്നതിനായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീ പി​ടി​ച്ചത്. തരംതിരിച്ച മാലിന്യങ്ങൾ ഇവിടെ നി​ന്ന് ലോറിയിൽ കയറ്റി അയച്ചശേഷം അവശേഷി​ച്ചവയി​ലാണ് തീ പടർന്നത്. മാലിന്യം തരംതിരിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ അടക്കം ഉണ്ടായിരുന്നു. ഇവർ പോയ ശേഷമാണ് തീ പടർന്നതെന്ന് കരുതുന്നു. രണ്ടു മണിക്കൂറോളം തീ ആളി​പ്പടർന്നു. ഒപ്പം പുകയും അന്തരീക്ഷത്തിൽ പടർന്നു. സംഭവമറിഞ്ഞ് അടൂർ, ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് അഗ്‌നി രക്ഷാസേനയെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞ് എത്തി​യ ആരോഗ്യമന്ത്രി വീണാജോർജ് ഫയർ ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ലോഡു മാലിന്യം ഇവിടെ നി​ന്ന് കൊണ്ടുപോയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ഇവിടെ നിന്ന് മാലി​ന്യവുമായി​ വാഹനം പുറപ്പെട്ടിരുന്നതായി​ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട പഞ്ചായത്തിലും ഉണ്ടായ തീപിടി​ത്തം അട്ടിമറിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എസ്.സൂരജ് പറഞ്ഞു.

കുളനട മത്സ്യ മാർക്കറ്റിന് സമീപത്തെ മാലി​ന്യത്തി​ന് തീപിടി​ച്ചത് അട്ടിമറി ആണെന്ന് സംശയമുണ്ട്. മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള പദ്ധതി പ്രകാരം മാർക്കറ്റിൽ നിന്ന് ആലപ്പുഴയിലേക്ക് ഇന്നലെ കൊണ്ടുപോയി മിനിറ്റുകൾക്കകം തീപടർന്നതി​ൽ ദുരൂഹതയുണ്ട്.

ചിത്തിര സി ചന്ദ്രൻ, കുളനട പഞ്ചായത്ത് പ്രസിഡന്റ്