സി.പി.എമ്മിന്റേത് ചങ്ങാത്ത മുതലാളിത്ത നയം: മുല്ലപ്പള്ളി

Thursday 16 March 2023 12:02 AM IST
കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് വർക്കേഴ്സ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : ചങ്ങാത്ത മുതലാളിത്ത നയമാണ് സി.പി.എം പിന്തുടരുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൊഴിലാളികൾ മുതലാളിമാരുടെ താത്പര്യമനുസരിച്ച് പ്രവർത്തിക്കണമെന്ന എം.വി ഗോവിന്ദന്റെ വാക്കുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പാർട്ടിയെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സി.പി.എം തൊഴിലാളിവിരുദ്ധ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. സി.പി.എം നേതാക്കൾ അതിസമ്പന്നരായി മാറി. ജാഥയിൽ ആളെകൂട്ടാൻ മാത്രമാണ് സി.പി.എം തൊഴിലാളികളെ ഉപയോഗിക്കുന്നത്. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്ന് ദ്രോഹിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം 33 ശതമാനമാണ് വെട്ടിക്കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.കെ.ബീരാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം.പി.പത്മനാഭൻ, അഡ്വ.എം.രാജൻ, എം.പി.ജനാർദ്ദനൻ, എ.പി.പീതാംബരൻ, കെ.എൻ.എ അമീർ, സി.കെ ബാലൻ, ടി.കെ.സുധാകരൻ, എം.പി.രാമകൃഷ്ണൻ, പി.എം.ചന്തുക്കുട്ടി എന്നിവർ‌ പ്രസംഗിച്ചു.

കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ വാർഷിക സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു