വേസ്റ്റ് ടു എനർജി: തള്ളുമോ.. കൊള്ളുമോ
കോഴിക്കോട്: ഞെളിയൻപറമ്പിൽ മൂന്നുവർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത വേസ്റ്റ് ടു എനർജി പ്ലാന്റ് പദ്ധതിയിൽ യാതൊരു പുരോഗതിയും ഉണ്ടാക്കാൻ സാധിക്കാത്ത ബ്രഹ്മപുരത്തെ വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനെ കോഴിക്കോട് കോർപ്പറേഷനും മേയറും ഇനിയും ന്യായീകരിക്കുമോ ?.. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ പദ്ധതി വിശദീകരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും ഞെളിയൻപറമ്പിലെയും നഗരത്തിലെയും സമീപ പഞ്ചായത്തികളിലേയും ജനങ്ങളുടെ ആശങ്ക പുകയുകയാണ്. മൂന്ന് വർഷമായി മാലിന്യ സംസ്കരണം പോലും അവതാളത്തിലാക്കിയ പദ്ധതിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന്റെ 250 കോടിയുടെ വേസ്റ്റ് ടു എനർജി പദ്ധതിയ്ക്ക് അനുബന്ധമായുള്ള ബയോമൈനിംഗിനും കാപ്പിംഗിനുമായുള്ള കോർപ്പറേഷനുമായി ഏർപ്പെട്ട 7.75 കോടിയുടെ കരാർ പൂർത്തിയാക്കാൻ സോണ്ട കമ്പനിയ്ക്ക് സാധിച്ചിട്ടില്ല. 2019ൽ ഒപ്പിട്ട ആറ് മാസത്തേക്കുള്ള കരാറാണ് മൂന്ന് വർഷം പിന്നിട്ടിട്ടും നടപ്പാവാതിരിക്കുന്നത്. ഇത് പൂർത്തിയായിട്ട് വേണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വേസ്റ്റ് ടു എനർജി പ്ലാന്റ് നടപ്പാക്കാൻ.
@ ന്യായീകരണം വാടിയത്
ബ്രഹ്മപുരത്തെ ചൂടിൽ
ഞെളിയൻപറമ്പിൽ മാലിന്യ നിക്ഷേപത്തിന് സ്ഥലമില്ലാത്തതിനാൽ പ്ലാസ്റ്റിക്കിന് ഉൾപ്പെടെ തീ കൊടുക്കുന്നത് പതിവാണെന്നുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനിയെയും പ്രവൃത്തിയെയും പൂർണമായി ന്യായീകരിക്കുന്ന നിലപാടാണ് കോർപ്പറേഷൻ സെക്രട്ടറി സ്വീകരിച്ചത്.
ഞെളിയൻപറമ്പിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന വേസ്റ്റ് എനർജി തെർമൽ പ്ലാന്റ് പദ്ധതിയുടെ ബയോമൈനിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പുരോഗമിച്ചു വരികയാണെന്നും പദ്ധതി പൂർത്തിയാകുന്നതോടെ നഗരസഭയിലെയും സമീപത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌ക്കരണത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. പ്ലാന്റിന് ചുറ്റും വീടുകൾ വർദ്ധിച്ചതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിനായി വിൻഡ്രോ കമ്പോസ്റ്റിംഗ് രീതിയിലാണ് മാലിന്യം സംസ്‌ക്കരിക്കുന്നതെന്നും ഇതിനായി 80,000 ചതുരശ്ര അടിയുള്ള ഷെഡും യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ദിനംപ്രതി 7080 ടൺ ജൈവവമാലിന്യം പ്ലാന്റിലെത്തുന്നുണ്ട്. ഇത് ഉണക്കി പൊടിച്ച് കാർഷികാവശ്യത്തിനായി വിൽപ്പന നടത്തുന്നു. കൂട്ടിയിട്ടിരിക്കുന്ന ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസുകൾ ഉണ്ടാവുകയും അത് തീ പുകയുവാൻ കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നഗരസഭ തീ അണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ബ്രഹ്മപുരത്ത് തീപടർന്നതോടെ കോർപ്പറേഷൻ അധികൃതർ ഞെളിയൻ പറമ്പ് വിഷയത്തിൽ മൗനത്തിലാണ്.
കൗൺസിൽ യോഗത്തിൽ പ്രതിഷേധം; മേയർ വിശദീകരിക്കും
സോണ്ട ഇൻഫ്രാടെകുമായുള്ള കരാർ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ ബാനറും പ്ലക്കാഡുകളും ഉയർത്തി. അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻകോയയും ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസും ആവിശ്യപ്പെട്ടെങ്കിലും മേയർ ഡോ. ബീന ഫിലിപ്പ് നിഷേധിച്ചു. ഞെളിയംപറമ്പിലെ കരാറുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കെ.മൊയ്തീൻകോയ യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും കരാർ നൽകിയതിനെ കുറിച്ച് വിശദമായി ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അറിയിക്കുമെന്നും മേയർ മേയർ ഡോ. ബീന ഫിലിപ്പ് വിശദീകരിച്ചു.
@ ഞെളിയൻപറമ്പിനെ
ബ്രഹ്മപുരമാക്കരുത്: കെ.സുരേന്ദ്രൻ
കോഴിക്കോട്: ബ്രഹ്മപുരത്തിന് സമാനമായ സാഹചര്യമാണ് ഞെളിയൻപറമ്പിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്. കെ.സുരേന്ദ്രൻ പറഞ്ഞു. സോണ്ട കമ്പനിയുടെ കരാർ ഉടൻ റദ്ദാക്കാൻ കോർപ്പറേഷൻ തയ്യാറാവണം. കമ്പനിക്ക് സംസ്ഥാന സർക്കാരിലുള്ള പിടിപാടാണ് കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ കരാർ തുടരാൻ കാരണമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.