യാത്രാസൗജന്യം നിറുത്തില്ല: മന്ത്രി ആന്റണി രാജു പ്രായപരിധി 25 വയസാക്കും,

Thursday 16 March 2023 12:51 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളുടെ യാത്രാസൗജന്യം നിറുത്തില്ലെന്നും കൺസെഷനുള്ള പ്രായപരിധി 25 വയസാക്കുമെന്നും മന്ത്രി ആന്റണി രാജു ചോദ്യോത്തരവേളയിൽ പറഞ്ഞു. പെൻഷൻകാരായ പഠിതാക്കൾ,​ പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആനുകൂല്യം നൽകാനാവില്ല. സെൽഫ് ഫൈനാൻസ് കോളേജുകളിലെയും സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കും. അൺ എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് സ്വാശ്രയ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളും രക്ഷാകർത്താക്കളും യാത്രാച്ചെലവിന്റെ 35 ശതമാനം വീതവും കെ.എസ്.ആർ.ടി.സി 30 ശതമാനവും വഹിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുമ്പ് സ്ഥാപിച്ച കാമറകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. 675 ആർട്ടിഫിഷ്യൻ ഇന്റലിജൻസുൾപ്പെടെ 726 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയുടെ നിരീക്ഷണത്തിനായി സ്റ്റേറ്റ് കൺട്രോൾ റൂമും 14 ജില്ലാ കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിക്ക് സമഗ്രമായ ഭരണാനുമതി ഉത്തരവിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും കുറുക്കോളി മൊയ്തീൻ,​ യു.എ. ലത്തീഫ്,​ എ.കെ.എം. അഷറഫ് എന്നിവരെ മന്ത്രി അറിയിച്ചു.

 ട്രെയിൻ യാത്ര ഇളവ് പുനഃസ്ഥാപിക്കണം

മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്ര ഇളവ് പുനഃസ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. തിരുവനന്തപുരത്തിനും കാസർകോടിനുമിടയിലുള്ള വളവുകൾ നിവർത്തി ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നത് ചെലവേറിയതും ജനജീവിതത്തെ ബാധിക്കുന്നതുമായ നടപടിയാണ്. ഇതിന് പകരം സിൽവർ ലൈൻ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. നേമം സാറ്റലൈറ്റ് ടെർമിനൽ ഉപേക്ഷിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പ്രധാന റെയിൽവേ വികസന പദ്ധതികളായ സിൽവർലൈൻ, തിരുവനന്തപുരം - കാസർകോട് പദ്ധതി, തലശേരി - മൈസൂർ, നിലമ്പൂർ - നഞ്ചൻകോട്, അങ്കമാലി - ശബരി റെയിൽ പദ്ധതി എന്നിവ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement