പൊതുമരാമത്തിൽ ദേശീയ നിലവാരമുള്ള ലാബിന് ശുപാർശ, എൻ.എ.ബി.എൽ അംഗീകാരമുള്ള പരിശോധന

Thursday 16 March 2023 1:56 AM IST

തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരപരിശോധനയ്ക്ക് ദേശീയ നിലവാരത്തിലുള്ള ലാബ് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ശുപാർശ. അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരവും നിർമ്മാണത്തിന്റെ ഈടും പരിശോധിക്കാൻ അതിനൂതന സംവിധാനങ്ങളുള്ള ലാബിനാണ് ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്.

വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് അനുബന്ധിച്ചായിരിക്കും പുതിയ ലാബ്. റീജിയണൽ - ജില്ലാ ലാബുകളിലും ഓട്ടോമേറ്റഡ് മൊബൈൽ ലാബുകളിലെയും പരിശോധനകൾ പുതിയ ലാബിൽ ഉൾപ്പെടുത്തും. കുറഞ്ഞസമയത്തിൽ കൂടുതൽ സാമ്പിളുകളിൽ പൂർത്തിയാക്കാമെന്നതാണ് നേട്ടം. പരിശോധനാഫലങ്ങൾ എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബിലേതായതിനാൽ കൃത്രിമംകാട്ടുന്നവർക്ക് രക്ഷപ്പെടാനും കഴിയില്ല.

അതിനൂതന പരിശോധനാ രീതി

പൈലിംഗ് മുതൽ കംപ്ളീഷൻ വരെയുള്ള ഓരോഘട്ടത്തിലെയും സാമ്പിളുകൾ ഡിജിറ്റൽ നോൺഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് എക്യുപ്മെന്റ് പരിശോധിക്കും. അതിനൂതന ഡിജിറ്റൽ ഉപകരണങ്ങളാണ് ലാബിൽ ഉണ്ടാവുക. കോൺക്രീറ്ര് ബ്ളോക്കുകളുടെ മർദ്ദിതബലമറിയാൻ കംപ്രഷൻ ടെസ്റ്റിംഗ് മെഷീൻ, ബിറ്റുമിന്റെ അളവറിയാൻ ബിറ്റുമിൻ എക്സ് ട്രാക്ടർ, മൊത്തത്തിലുള്ള ഗ്രേഡിംഗ് പരിശോധനയ്ക്കുള്ള സീവ് ഷേക്കർ, ഘനപരിശോധനയ്ക്കുള്ള ഡിജിറ്രൽ വെർണിയർ കാലിപ്പർ, ബലപരിശോധനയ്ക്കുള്ള ഡിജിറ്റൽ എൻ.ഡി.ടി (ഡിജിറ്റൽ നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ്) തുടങ്ങി ചെറുതും വലുതുമായ ആയിരക്കണക്കിന് പരിശോധനകൾക്കുള്ള സംവിധാനമാണ് ലാബിലുണ്ടാവുക. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണനിലവാരവും പരിശോധിക്കാം.

20 കോടിയുടെ പ്രോജക്ട്

ലാബിനായി ഉപകരണങ്ങൾ സഹിതം ഏകദേശം 20 കോടി രൂപയാണ് വേണ്ടിവരിക. ദേശീയ നിലവാരത്തിലുള്ള ലാബ് ഇന്ത്യയിൽ തന്നെ ആദ്യത്തേതാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള 300 ലധികം പരിശോധനകൾ ലാബിൽ നടത്താം. റീജിയണൽ ലാബുകളിൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും 60 ടെസ്റ്റുകൾക്കാണ് എൻ.എ.ബി.എൽ അംഗീകാരമുള്ളത്.

.........

'' പൊതുമരാമത്ത് വകുപ്പ് നിർമ്മാണ പ്രവൃത്തികളിൽ ഗുണനിലവാരവും ഈടും കാത്ത് സൂക്ഷിക്കുകയാണ് ദേശീയ നിലവാരത്തിലുള്ള ലാബുകളുടെ ലക്ഷ്യം. നിലവിലെ പരിശോധനാ സംവിധാനങ്ങൾക്കൊപ്പം നൂതന സംവിധാനങ്ങൾ കൂടി നടപ്പാകുന്നതോടെ പരിശോധനകളുടെ ആധികാരികത വർദ്ധിക്കും.

- പി.എ. മുഹമ്മദ് റിയാസ്,

പൊതുമരാമത്ത് വകുപ്പ് മന്ത്രി

Advertisement
Advertisement