അദ്ധ്യാപകർക്ക് ഫഹ്മിദയുടെ വക ഒരു ഓർമ്മച്ചിത്രം

Thursday 16 March 2023 12:05 AM IST

പൊന്നാനി: സെന്റോഫുകൾ പുതുമയുള്ളതാക്കാൻ ഇക്കാലത്ത് കുട്ടികൾ മത്സരിക്കാറുണ്ട്. ഇക്കാര്യത്തിൽ ഏറെ മാതൃകയാവുകയാണ് പൊന്നാനി സ്‌കോളർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ഫഹ്മിദ ഖാലിദ്. കോളേജിലെ മാനേജരുടെ അടക്കം 20 അദ്ധ്യാപകരുടെ ചിത്രങ്ങൾ വരച്ച് ഫ്രെയിം ചെയ്യിച്ചാണ് പൊന്നാനി സ്വദേശിയായ ഫഹ്മിദ കോളേജിനോടും തന്നെ പഠിപ്പിച്ച അദ്ധ്യാപകരോടുമുള്ള നന്ദി അറിയിച്ചത്. ഓരോ അദ്ധ്യാപകരെയും അവരുടെ പേരുകൾ മാത്രം ഉപയോഗിച്ചാണ് ബി.എ സോഷ്യോളജി അവസാന വർഷ വിദ്യാർത്ഥിയായ ഫഹ്മിദ ഖാലിദ് വരച്ചത്. ഒന്നര ദിവസമെടുത്താണ് മുഴുവൻ അദ്ധ്യാപകരെയും വരച്ച് തീർത്തത്. ഇതിനായി അദ്ധ്യാപകർ അറിയാതെ അവരുടെ ഫോട്ടോകൾ കളക്ട് ചെയ്തു. തുടർന്നായിരുന്നു പെൻസിൽ ഉപയോഗിച്ചുള്ള വര. സെന്റോഫ് ദിവസം ഒരു സർപ്രൈസ് നൽകാനാണ് ശ്രമിച്ചതെന്ന് ഫഹ്മിദ പറയുന്നു. ഒരു കോളേജിനും ഒരു വിദ്യാർത്ഥിയും ഇതുപോലൊരു സമ്മാനം നൽകിയിട്ടുണ്ടാവില്ലെന്ന് സമ്മാനം സ്വീകരിച്ച് കോളേജ് മാനേജർ സി. അജിത് പറഞ്ഞു. 1500 രൂപയ്ക്ക് ഫ്രെയിം ചെയ്താണ് ചിത്രം കോളേജിന് സമ്മാനിച്ചത്.പൊന്നാനി ജെ.എം. റോഡ് സ്വദേശിയായ ജമീലയുടെയും ഖാലിദിന്റെയും മകളായ ഫഹ്മിദ ചിത്രരചന പഠിക്കുകയോ ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. പൂർണ മികവോടെയുള്ള ചിത്രങ്ങളാണ് വരച്ചതെന്ന് നാടകകലാകാരനും അദ്ധ്യാപകനുമായ വി.വി. രാമകൃഷ്ണൻ പറഞ്ഞു.