വി.സി നിയമനം: ബംഗാളിലെ ഉത്തരവ് ഗവർണർക്ക് പിടിവള്ളി

Thursday 16 March 2023 12:19 AM IST

തിരുവനന്തപുരം: യു.ജി.സി ചട്ടം പാലിക്കാതെ നടത്തിയ പശ്ചിമ ബംഗാളിലെ 29 വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിടിവള്ളിയാകും. വൈസ് ചാൻസലർമാരെ നിയമിക്കാനോ പുനർനിയമിക്കാനോ കാലാവധി നീട്ടിനൽകാനോ സംസ്ഥാന സർക്കാരിന് അനുവാദമില്ലെന്ന ഉത്തരവിലെ ഭാഗം വി.സി നിയമന അധികാരം കൈപ്പിടിയിലാക്കാൻ പാസാക്കിയ ബില്ലിനെ ദുർബലപ്പെടുത്തുന്നതുമാണ്.

2018 ലെ യു.ജി.സി റെഗുലേഷന് വിരുദ്ധമായി നടത്തിയ വി.സി നിയമങ്ങളാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയും ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജും ചേർന്ന ബെഞ്ച് റദ്ദാക്കിയത്. യു.ജി.സി റെഗുലേഷന് അനുസൃതമായി സംസ്ഥാന സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.