ഓമല്ലൂർ വയൽവാണിഭമേളയ്ക്ക് തുടക്കമായി

Thursday 16 March 2023 12:22 AM IST

ഓയൂർ :ഇന്നലെ രാവിലെ 9.30ഓടെ ഓയൂർ ജംഗ്ഷനിലെത്തിയ ഓമല്ലൂർ വയൽവാണിഭ സംഘാടകരെ വെളിനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു . തുടർന്ന് ക്ഷേത്രത്തിലെത്തിയ വയൽവാണിഭത്തിന്റെ സംഘാടകരെ വെളിനല്ലൂർ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തു .തുടർന്ന് നടന്ന സമ്മേളനം വെളിനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് അഡ്വ. അൻസർ ഉദ്ഘാടനം ചെയ്തു . തുടർന്ന് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ പൂജിച്ച വയൽവാണിഭ ദീപശിഖ ആചാര അനുഷ്ടാന ചടങ്ങുകളോടെ ഓമല്ലൂർ വയൽ വാണിഭ സംഘടക സമിതിയ്ക്ക് കൈമാറി.

കാർഷിക സെമിനാറുകൾ ,മൃഗസംരക്ഷണ സെമിനാറുകൾ, സാംസ്കാരികസമ്മേളനം ,കലാസന്ധ്യകൾ കാർഷികവിപണി, കവിയരങ്ങ് തുടങ്ങി നിരവധി പരിപാടികളോടെ ഒരുമാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഓമല്ലൂർ വയൽ വാണിഭം. വെളിനല്ലൂർതെക്കേവയലിൽ നിന്ന് കൊളുത്തിയ ദീപശിഖ വൈകിട്ടോടെ ഓമല്ലൂർ വയൽവാണിഭ സ്മൃതിമണ്ഡപമായ പലമരചുവട്ടിൽ എത്തിച്ചു. ദീപം തെളിച്ചതോടെ വയൽവാണിഭമേളയയ്ക്ക് തുടക്കമായി.