റീബിൽഡ് കേരള : ലോകബാങ്കിന്റെ 150 ദശലക്ഷം ഡോളർ അധിക സഹായം തേടും

Thursday 16 March 2023 12:25 AM IST

തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിലുള്ള വായ്പാ പദ്ധതിയുടെ ഭാഗമായി ലോക ബാങ്കിൽ നിന്നും 150 ദശ ലക്ഷം ഡോളർ അധിക ധനസഹായം സ്വീകരിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി. അനന്തര നടപടികൾക്ക് റിബിൽഡ് കേരള സി.ഇ.ഒയായ അഡിഷണൽ ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തും.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ ഓഫീസർ കാറ്റഗറിയിൽപ്പെട്ട ജീവനക്കാർക്ക് ശമ്പള പരിഷ്കരണ പ്രകാരമുളള അലവൻസുകൾക്ക് 2017 ഏപ്രിൽ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യം നൽകും.സി-ഡിറ്റിലെ അഞ്ച് ശാസ്ത്ര വിഭാഗങ്ങളിൽപ്പെടുന്ന സി.എസ്.ഐ.ആർ സ്‌കെയിലിൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് എഴാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായുള്ള സ്‌കെയിലുകൾ നിബന്ധനകളോടെ അനുവദിക്കും. 2016 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകും .

കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചട്ടങ്ങൾ 2 അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കും. 9 തസ്തികകൾ സൃഷ്ടിക്കും.കൊല്ലം തലവൂർ ദേവി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ കൊമേഴ്സ് ബാച്ചിന് എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ ഒരു തസ്തികയും, എച്ച്.എസ്.എസ്.റ്റിയുടെ 3 തസ്തികകളും സൃഷ്ടിക്കും.

കേരള സ്പേസ് പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജി.ലെവിനെ 3 വർഷത്തേക്ക് നിയമിച്ചു..