സ്വകാര്യവനം ഭേദഗതി ബിൽ നടപ്പ് സമ്മേളനത്തിൽ
Thursday 16 March 2023 12:27 AM IST
തിരുവനന്തപുരം: അമ്പത് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് നൽകി 1971ലെ സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമ ഭേദഗതി ബിൽ നടപ്പു നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. കർഷകർ സമർപ്പിക്കുന്ന കൈവശാവകാശ രേഖകൾ പരിഗണിക്കാവുന്ന തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം അനുവദിക്കാനാണ് ബില്ലിലെ നിർദ്ദേശം.
കർഷകർക്ക് ഇളവ് നൽകുന്നതിലും തെളിവിന്റെ കാര്യത്തിലും നേരത്തേ എതിർപ്പുയർത്തിയിരുന്ന വനം വകുപ്പ് നിലപാട് മയപ്പെടുത്തിയതോടെയാണ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമായത്. കഴിഞ്ഞ ദിവസം വനം, റവന്യു, നിയമ മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തർക്കപരിഹാരത്തിന് ധാരണയായത്.