ഭൂമി തരംമാറ്രം താത്കാലിക ജീവനക്കാർക്ക് ദിവസ വേതനമാക്കണമെന്ന് ധനവകുപ്പ്, ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം

Thursday 16 March 2023 12:29 AM IST

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ റവന്യുവകുപ്പ് നിയമിച്ച താത്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം. ഇവരെ ദിവസവേതന വ്യവസ്ഥയിലാക്കണമെന്ന ധനകാര്യ വകുപ്പിന്റെ നിർദ്ദേശമാണ് മുടക്കത്തിന് കാരണം. വേതനം ഉടൻ നൽകുമെന്ന് റവന്യുവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികളായിട്ടില്ല.

കെട്ടിക്കിടന്ന ഒന്നര ലക്ഷത്തോളം ഓഫ് ലൈൻ അപേക്ഷകൾ (കടലാസ് അപേക്ഷകൾ) സമയബന്ധിതമായി തീർക്കാനാണ് എൽ.ഡി ക്ളാർക്ക്/ വില്ലേജ് അസിസ്റ്റന്റ്/ ഡാറ്രാ എൻട്രി ഓപ്പറേറ്റർ/ സർവെയർ ഗ്രേഡ്-2 തസ്തികകളിലേക്ക് 990 പേരെ 2022 മെയ് മാസത്തിൽ എംപ്ളോയ്മെന്റ് എക്സേഞ്ചുകൾ മുഖേന ആറു മാസത്തേക്ക് നിയമിച്ചത്. സമാന തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളമാണ് ഇവർക്കും ലഭിച്ചിരുന്നത്. നവംബറിൽ ഓഫ് ലൈൻ അപേക്ഷകൾ മുഴുവൻ തീർപ്പാക്കിയെങ്കിലും ഓൺലൈൻ അപേക്ഷകളുടെ എണ്ണവും ഒന്നര ലക്ഷമായി ഉയർന്നു . പ്രത്യേക പദ്ധതി തയ്യാറാക്കി ഇതും നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ തീരുമാനിച്ചു. നേരത്തെ നിയമിച്ചവരെ തന്നെ വീണ്ടും 179 ദിവസത്തേക്ക് പുനർനിയമിക്കാൻ റവന്യുവകുപ്പ് തീരുമാനിച്ച് നിയമന ഉത്തരവ് നൽകി. ഡിസംബറിലെ ശമ്പളം ഇവർക്ക് കിട്ടിയെങ്കിലും പിന്നീടുള്ള മാസങ്ങളിൽ മുടങ്ങി.

എംപ്ളോയ്മെന്റ് എക്സേഞ്ച് മുഖേന നിയമിക്കുന്നവർക്ക് ആറു മാസത്തിൽ കൂടുതൽ സ്ഥിരം ജീവനക്കാരുടേതിന് സമാനമായ സ്കെയിലിൽ ശമ്പളം നൽകാനാവില്ലെന്ന് ധനകാര്യ വകുപ്പ് നിലപാടെടുത്തു. ഡെയ്ലി വേജസ് ആയിട്ടേ ഇനി വേതനം നൽകാനാവൂ. ഇതോടെ നേരത്തെ കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിൽ ചെറിയ കുറവ് വരും. മാത്രമല്ല കാഷ്വൽ ലീവ് അടക്കമുള്ള ആനുകൂല്യങ്ങളും ഇല്ലാതാവും. സംവരണമടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചുള്ള നിയമനമായതിനാൽ ജീവനക്കാരിൽ ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവരുണ്ട്.

തടസം ഉടൻ മാറ്റും

മുടങ്ങിയ ശമ്പളം ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി റവന്യുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുടിശികയ്ക്ക് പുറമെ തുടർന്നുള്ള മാസങ്ങളിലെ ശമ്പളവും യഥാസമയം നൽകും.