വി.എച്ച്.എസ്.ഇ ചോദ്യപേപ്പർ മാറിപ്പൊട്ടിച്ചു
കൊല്ലം: പുനലൂർ ഇടമൺ എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ രണ്ടാം വർഷ പൊതു പരീക്ഷയുടെ ചോദ്യ പേപ്പർ മാറിപ്പൊട്ടിച്ച് വിതരണം ചെയ്തു. ഈ മാസം 10ന് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്കാണ് 28ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയത്.
ടൈം ടേബിൾ പ്രകാരം 10ന് വൊക്കേഷണൽ തിയറി പരീക്ഷയായിരുന്നു. പക്ഷേ, വിദ്യാർത്ഥികൾക്ക് ലഭിച്ചത് 28ന് നടക്കേണ്ട ഒാൺട്രപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് എന്ന വിഷയത്തിലെ പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. പത്ത് മിനിറ്രോളം കഴിഞ്ഞ് വിദ്യാർത്ഥികൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചോദ്യപേപ്പർ മാറിയ വിവരം അദ്ധ്യാപകർ തിരിച്ചറിഞ്ഞത്. സ്കൂൾ അധികൃതർ വിവരമറിച്ചതിനെ തുടർന്ന് വി.എച്ച്.എസ്.ഇ അധികൃതരെത്തി 28ന്റെ ചോദ്യപേപ്പർ സീൽ ചെയ്തു. പരീക്ഷാ സെക്രട്ടറി വീഴ്ച സ്ഥിരീകരിച്ചതിനെ തുടർന്ന് ചീഫ് സൂപ്രണ്ടിനെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെയും ചുമതലയിൽ നിന്ന് മാറ്റി.