ജോർജ്ജിയയിൽ 200 ഓളം മെഡി. വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Thursday 16 March 2023 1:44 AM IST

കൊല്ലം: ഉക്രെയിൻ യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തി ജോർജ്ജിയയിലെ ഒരു സർവകലാശാലയിൽ തുടർപഠനത്തിന് ചേർന്ന കൊല്ലത്തുകാരടക്കം 200 ഓളം മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ.

വിദ്യാർത്ഥികൾക്ക് പ്രവേശനം നേടിക്കൊടുത്ത ഏജന്റുമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഉക്രെയിനിലെ സർവകലാശാലയിൽ നിന്ന് അക്കാഡമിക് ട്രാൻസ്ക്രിപ്ഷൻ രേഖകൾ ലഭിക്കാത്തതാണ് പ്രശ്നം.

മലയാളി വിദ്യാർത്ഥികൾ കൂടുതലായി പഠിച്ചിരുന്ന ഉക്രെയിനിലെ ഒരു യൂണിവേഴ്സിറ്റിയാണ് അക്കാഡമിക് ട്രാൻസ്ക്രിപ്ഷൻ രേഖകൾ (പ്ലസ് ടു മാർക്ക് ലിസ്റ്ര്, മുൻ വർഷങ്ങളിലെ പരീക്ഷ രേഖകൾ) നിഷേധിക്കുന്നത്. ഇവിടെ നിന്ന് രേഖകൾ നൽകാമെന്ന് സർവകലാശാല അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ജോർജ്ജിയയിലെ സർവകലാശാലയിൽ പ്രവേശനം നേടിയത്. എന്നാൽ ഏജന്റുമാർ തമ്മിൽ സാമ്പത്തിക തർക്കമുണ്ടായതോടെ എല്ലാം തകിടം മറിഞ്ഞു.

ഉക്രെയിനിലെ സർവകലാശാലയിൽ കൂടുതൽ സ്വാധീനമുള്ള ഒരു ഏജന്റ് ഇടപെട്ടാണ് രേഖകൾ തടഞ്ഞുവച്ചിരിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. അക്കാഡമിക് ട്രാൻസ്ക്രിപ്ഷൻ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അഞ്ചാം വർഷക്കാർ പോലും ഒന്നാം വർഷം മുതൽ പഠിക്കണമെന്നാണ് ജോർജ്ജിയയിലെ സർവകലാശാല പറയുന്നത്. ഈ യൂണിവേഴ്സിറ്റിയിൽ ഓൺലൈനായി ഫീസ‌ടച്ച് പ്രവേശനം നേടിയ ഇരുനൂറോളം പേരിൽ നൂറ് പേർ ജോർജ്ജിയയിലേക്ക് പോയിക്കഴിഞ്ഞു. ഇവർ ക്ലാസുകളിൽ പങ്കെടുക്കാനാകാതെ ഹോസ്റ്റലുകളിൽ വെറുതെ തങ്ങുകയാണ്.

വീണ്ടും തലപൊക്കി ആശങ്ക

ഉക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിലായതോടെയാണ് കേന്ദ്ര സർക്കാർ ജോർജ്ജിയ അടക്കമുള്ള അഞ്ച് രാജ്യങ്ങളിൽ പ്രവേശനത്തിന് അനുമതി നൽകിയത്. ജീവിതച്ചെലവും ഫീസും കുറവുള്ള രാജ്യമെന്ന നിലയിലാണ് മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ ജോർജ്ജിയയിലെ സർവകലാശാലകൾ തുടർപഠനത്തിന് തിരഞ്ഞെടുത്തത്. മറ്റൊരു രാജ്യത്ത് പഠിച്ച ശേഷം ഉക്രെയിനിലെ സർവകലാശാലകളിൽ പോയി എഴുതുകയെന്ന വ്യവസ്ഥ കൂടി കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഉക്രെയിൻ യുദ്ധം അവസാനിക്കുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നതിനാലാണ് വിദ്യാർത്ഥികൾ അക്കാഡമിക് ട്രാൻസ്ക്രിപ്ഷൻ തിരഞ്ഞെടുത്തത്.

വിസ ചെലവിന്റെ പേരിലും കൊള്ള

ജോർജ്ജിയയിലേക്കുള്ള വിസയ്ക്ക് യഥാർത്ഥത്തിൽ 20 ഡോളർ മാത്രമാണ് ചെലവ്. എന്നാൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ 950 ഡോളർ (767OO രൂപ) വരെ വിദ്യാർത്ഥികളിൽ നിന്ന് കൊള്ളയടിക്കുന്നുണ്ട്.