വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന

Thursday 16 March 2023 3:03 AM IST

കണ്ണൂർ : ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ മകനും ഭാര്യക്കും നിക്ഷേപമുള്ള മൊ​റാഴയിലെ വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന നടത്തി. റിസോർട്ട് അനധികൃതമായി നിർമ്മിച്ചതാണെന്നും ഡയറക്ടർമാരുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്നും കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആന്തൂർ മുനിസിപ്പാലിറ്റിയിലും പരിശോധന നടന്നു.

ജീവനക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളുവെന്നും ഡയറക്ടർമാരെ കാണാൻ സാധിച്ചില്ലെന്നും വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു. പ്രദേശത്ത് ഒരുപാട് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ല. നടത്തിയത് പ്രാഥമിക പരിശോധന മാത്രമാണ്. രേഖകൾ പരിശോധിക്കുകയോ ഡയറക്ടർമാർക്ക് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. വിദഗ്ധരെ ഉൾപ്പെടുത്തി വീണ്ടും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആദായനികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗം നേരത്തെ നോട്ടിസ് നൽകിയിട്ടുണ്ട്. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.