നടുറോഡിൽ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം; രക്ഷകരായി നാട്ടുകാർ

Thursday 16 March 2023 3:04 AM IST

കൊച്ചി: നടുറോഡിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് വീട്ടമ്മ നടത്തിയ ആത്മഹത്യാശ്രമം നാട്ടുകാർ ഇടപെട്ട് വിഫലമാക്കി. കലൂർ അശോക റോഡിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി രജനി കൃഷ്ണയാണ് (48) ഇന്നലെ രാവിലെ പതിനൊന്നരയോടെ കലൂർ ദേശാഭിമാനി ജംഗ്ഷന് സമീപം ആത്മഹത്യക്കു ശ്രമിച്ചത്. മണ്ണെണ്ണ കുടിക്കുകയും ചെയ്ത ഇവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു.

ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാർ തന്റെ മകളുടെ ചിത്രം കൈക്കലാക്കിയെന്നും ഇതുപയോഗിച്ച് ഓൺലൈനിൽ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ദേശാഭിമാനി ജംഗ്ഷനിലെത്തിയ രജനി പൊടുന്നനെ കൈയിൽ കരുതിയ മണ്ണെണ്ണ ദേഹത്ത് ഒഴിക്കുകയായിരുന്നു. നാട്ടുകാർ തടഞ്ഞതോടെ കൈയിലുണ്ടായിരുന്ന മറ്റെന്തോ കഴിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ നോർത്ത് പൊലീസ് ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മൊഴിയെടുക്കാൻ ഇവർ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നന്ദകുമാർ നടത്തുന്ന ഓൺലൈൻ ചാനലിലെ ജീവനക്കാരിയായിരുന്നു രജനിയെന്നും ഇവർ പിന്നീട് തെറ്റിപ്പിരിഞ്ഞെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് രജനി സ്വന്തമായി ചാനൽ തുടങ്ങി. മുമ്പ് രജനി നടത്തിയിരുന്ന മാദ്ധ്യമസ്ഥാപനത്തിൽ ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട് ജീവനക്കാർ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.