ഏഷ്യാനെറ്റ് കേസിൽ ജാമ്യമില്ലാ കുറ്റവും

Thursday 16 March 2023 3:07 AM IST

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ വെള്ളയിൽ പൊലീസെടുത്ത കേസിൽ ജാമ്യമില്ലാകുറ്റം ചുമത്തി. നിയമ വിരുദ്ധ പ്രവൃത്തികൾക്ക് കുട്ടികളെ ഉപയോഗിച്ചെന്ന ജുവനൈൽ ജസ്റ്റിസ് നിയമം 83(2) പ്രകാരമാണ് ചുമത്തിയത്. അഡിഷണൽ ജില്ലാ സെക്ഷൻസ് ജഡ്ജ് (പോക്‌സോ) കെ.പ്രിയയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകി. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ,റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്ത്,റിപ്പോർട്ടർ നൗഫൽ ബിൻ യൂസൂഫ്,നീലി ആർ. നായർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 18ലേക്ക് മാറ്റി.പി.വി.അൻവർ എം.എൽ.എ വ്യക്തിവിരോധം മൂലം പരാതി നൽകിയെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ വാദം. രേഖകൾ നൽകുന്നില്ലെന്നും കുട്ടികളുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകും വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്.