എൺപത്തിനാലിന്റെ നിറവിൽ ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: കവിതയും പാട്ടെഴുത്തും തിരക്കഥയും സംവിധാനവും നിർമ്മാണവുമെല്ലാമായി മലയാള സിനിമയിലും സാഹിത്യത്തിലും പരന്നൊഴുകിയ ശ്രീകുമാരൻ തമ്പിയ്ക്ക് ഇന്ന് 84-ാം ജന്മദിനം. മരിക്കാത്തത് കൊണ്ട് മാത്രം ജീവിക്കുന്നുവെന്നാണ് ജന്മദിനത്തെപ്പറ്റി ചോദിച്ചപ്പോൾ ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. മകൻ രാജ്കുമാറിന്റെ മരണശേഷം ജന്മദിനങ്ങളൊന്നും ആഘോഷിക്കാറില്ല. ജീവിതത്തിൽ ചെയ്തതെല്ലാം ശരിയാണെന്നാണ് വിശ്വാസം. പുതിയ സിനിമയെപ്പറ്റിയോ പാട്ടെഴുത്തിനെപ്പറ്റിയോ ആലോചനകളൊന്നുമില്ലെന്നും ശ്രീകുമാരൻ തമ്പി കേരളകൗമുദിയോട് പറഞ്ഞു.
എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ചാണ് പൂർണമായും കലാസാഹിത്യരംഗത്തേക്ക് എത്തിയത്. മൂവായിരത്തിലധികം സിനിമ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. 25 സിനിമകൾ നിർമ്മിച്ചു. 29 സിനിമകൾ സംവിധാനം ചെയ്യുകയും 85 സിനിമകൾക്ക് തിരക്കഥ രചിക്കുകയും ചെയ്തു. സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. സംഗീത നാടക അക്കാഡമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.