പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ സർജിക്കൽ മോപ്പ് തുന്നിക്കെട്ടി

Thursday 16 March 2023 4:06 AM IST

 ദുരവസ്ഥ നഴ്സിംഗ് അസിസ്റ്റന്റിന്

 ന്യൂമോണിയ ബാധിച്ച് നില വഷളായി

എഴുകോൺ: എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ താത്കാലിക നഴ്സിംഗ് അസിസ്റ്റന്റിന്റെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ മോപ്പ് വയറ്റിനുള്ളിലിട്ട് തുന്നിക്കെട്ടി. ന്യൂമോണിയ ബാധിച്ച് ആരോഗ്യനില വഷളായ നഴ്സിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എഴുകോൺ ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിനാണ് (31) ദുര്യോഗമുണ്ടായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചിഞ്ചുരാജിന് പ്രസവ ശസ്ത്രക്രിയ നടത്തിയത്. 13ന് കടുത്ത വയറുവേദനയും ചൂടും അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര എക്സ് റേയെടുത്തു. ഇതിൽ അസ്വാഭാവികമായ ചില വസ്തുക്കളുടെ സാന്നിദ്ധ്യം വയറിനുള്ളിൽ കണ്ടു. തുടർന്ന് ഗൈനക്ക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കൊപ്പം കൊട്ടാരക്കരയിലെ സ്വകാര്യ സ്കാൻ സെന്ററിൽ വിദഗ്ദ്ധ പരിശോധനയ്ക്കെത്തിച്ചു. ഈ പരിശോധനയിൽ ശസ്ത്രകിയാ വേളയിൽ രക്തം തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്പ് വയറിനുള്ളിലുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിൽ നിന്നുള്ള അണുബാധയെ തുടർന്നാണ് ചിഞ്ചുവിന് വയറു വേദനയും പനിയും ഉണ്ടായതെന്നും വ്യക്തമായി. ഇതോടെ ചിഞ്ചുവിനെ എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ മടക്കിയെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്യുകയായിരുന്നു. വയറ്റിൽ മോപ്പ് മറന്നുവച്ച കാര്യം ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ.

ഐ.സി.യുവിലായിരുന്ന ചിഞ്ചുവിന് ചൊവ്വാഴ്ച രാത്രിയോടെ ശ്വാസം മുട്ടലും അസ്വസ്ഥതകളും കലശലായതിനെ തുടർന്ന് ബന്ധുക്കളെത്തി കൂടുതൽ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. എക്സ് റേ, സ്കാൻ റിപ്പോർട്ടുകളും നൽകിയില്ല. സ്കാൻ സെന്ററിലെത്തി പരിശോധനാ ഫലം ആവശ്യപ്പെട്ടെങ്കിലും നഷ്ടപ്പെട്ടുവെന്ന മറുപടിയാണ് നൽകിയത്. തുടർന്ന് ചിഞ്ചുവിന്റെ ഭർത്താവ് വിപിൻ റൂറൽ പൊലീസ് ചീഫിന് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലും ആദ്യം ഇതേ മറുപടിയാണ് നൽകിയത്. പിന്നീട് പരിശോധനാ ഫലത്തിന്റെ അവ്യക്തമായ ഒരു കോപാക്ട് ഡിസ്ക് (സി.ഡി) ബന്ധുക്കൾക്ക് എത്തിച്ചു നൽകി.

ഇന്നലെ രാവിലെയാണ് ചിഞ്ചുവിന് ന്യൂമോണിയ ബാധിച്ചതായി ബന്ധുക്കളെ അറിയിക്കുന്നത്. ബഹളമുണ്ടാക്കിയ ബന്ധുക്കൾ ഉച്ചയോടെ ചിഞ്ചു രാജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്രി. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കേന്ദ്ര ​- സംസ്ഥാന മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ചിഞ്ചുരാജിന്റെ ബന്ധുക്കൾ പരാതി നൽകി.

പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അന്വേഷിച്ച് നടപടി സ്വീകരിക്കും.

ഡോ. വിജയലക്ഷ്മി

ആശുപത്രി സൂപ്രണ്ട്