കൃഷി ഓഫീസർ പ്രതിയായ കള്ളനാേട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Thursday 16 March 2023 4:12 AM IST
ഹനീഷ് ഹക്കിം

ആലപ്പുഴ: കള്ളനോട്ട് കേസിൽ പിടിയിലായ എടത്വ കൃഷി ഓഫീസർ എം.ജിഷമോളുടെ സംഘത്തിലുള്ള ആലപ്പുഴ മുനിസിപ്പൽ വെസ്‌റ്റ് വില്ലേജിൽ സക്കറിയാ ബസാർ യാഫി വീട്ടിൽ ഹനീഷ് ഹക്കീമിനെ (36) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കള്ളനാേട്ട് വിതരണശൃംഖലയിലെ അംഗമാണ് ഹനീഷെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ കായംകുളത്ത് പിടികൂടിയ കള്ളനോട്ടുകളുടെ ബാക്കിയാണ് ജിഷമോൾ വിതരണം ചെയ്‌തതെന്ന് വ്യക്തമായി. കായംകുളത്തെ സംഘവുമായി ബന്ധമുള്ളവർ കഴിഞ്ഞ ദിവസം പാലക്കാട്ട് പിടിച്ചുപറി കേസിൽ പിടിയിലായിരുന്നു. ഇവരെ അടുത്ത ദിവസം കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ അടയ്ക്കാനായി ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് നോട്ടുകൾ കൈമാറിയത് ജിഷമോളാണെന്ന് കണ്ടെത്തിയത്. മാനസിക പ്രശ്‌നമുണ്ടെന്ന കാരണം പറഞ്ഞ് തിരുവനന്തപുരത്തെ ചികിത്സാ കേന്ദ്രത്തിലുള്ള ജിഷയെ വിശദമായി ചോദ്യംചെയ്യാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പാലക്കാട്ട് പിടയിലായവരെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.