സ്വപ്നയ്‌ക്ക് എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസ്: ഒരു കോടി നഷ്ടപരിഹാരം നൽകണം
Thursday 16 March 2023 4:18 AM IST
കണ്ണൂർ: അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളാസ് ജോസഫ് മുഖേന അയച്ച നോട്ടീസിൽ ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആരോപണം പിൻവലിച്ച് മാപ്പ് പറയുന്നതായി രണ്ട് പ്രമുഖ മലയാള പത്രങ്ങളിലും മുഴുവൻ ചാനലുകളിലും അറിയിപ്പ് നൽകണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ പ്രതിഫലമായി 30 കോടി രൂപ വാഗ്ദാനം ചെയ്ത് എം.വി. ഗോവിന്ദനു വേണ്ടി വിജയ് പിള്ളയെന്നാൾ സമീപിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മാർച്ച് ഒമ്പതിന് ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ.