'അമ്മ'യുടെ പേരിൽ ഹെൽപ് ചെയ്തിട്ടില്ലെന്നേയുള്ളൂ, അംഗങ്ങളിൽ നിന്ന് ഒരുപാട് സഹായം അവർക്ക് കിട്ടിയിട്ടുണ്ട്; മമ്മൂട്ടിയടക്കമുള്ളവർ മോളി കണ്ണമാലിക്ക് ചെയ്ത സഹായത്തെക്കുറിച്ച് ടിനി ടോം
മലയാളികൾ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ തനിക്ക് പോകാൻ സാധിച്ചിട്ടുണ്ടെന്ന് നടൻ ടിനി ടോം. 'യാത്രകൾ ഇഷ്ടമുള്ളതുകൊണ്ടായിരിക്കാം ഞാനൊരു മിമിക്രിക്കാരനായത്. സിനിമാ താരം മാത്രമായിരുന്നെങ്കിൽ അത്രയും യാത്ര ചെയ്യാൻ പറ്റില്ല. ഒരു ലൊക്കേഷനിൽ പോയിട്ടുണ്ടെങ്കിൽ മുപ്പത് ദിവസം അവിടെയിരിക്കും. പക്ഷേ മിമിക്രി താരമായതുകൊണ്ട് മലയാളികൾ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ പോകാൻ സാധിച്ചിട്ടുണ്ട്.'- ടിനി ടോം കൗമുദി മൂവീസിനോട് പറഞ്ഞു.
അമ്മ - സിസിഎൽ വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'അമ്മയ്‌ക്കൊരു ഫുട്‌ബോൾ ടീം ഇപ്പോൾ ഉണ്ടാക്കിയിട്ടുണ്ട്. അത് എക്‌സൈസുമായിട്ട് കളിച്ച് ജയിച്ചിട്ടുമുണ്ട്. രാജീവ് പിള്ള, പാഷാണം ഷാജി ഇവരൊക്കെ കളിക്കുന്നുണ്ട്. അവരൊക്കെ തന്നെയാണ് ക്രിക്കറ്റിലും കളിക്കുന്നത്.
ചാക്കോച്ചന് സി3 എന്നൊരു ക്രിക്കറ്റ് ടീം ഉണ്ട്. അമ്മയെ സംബന്ധിച്ച് സ്ഥിരമായി ക്രിക്കറ്റ് ടീമിനെ കൊണ്ടുനടക്കാനുള്ള കപ്പാസിറ്റി ഇല്ല. മറ്റേതെന്ന് പറയുന്നത് എപ്പോഴും കളിക്കുന്ന ടീമാണ്. അമ്മ മുന്നിട്ടിറങ്ങാത്തതുകൊണ്ട് സി 3 സ്‌ട്രേക്കേഴ്സ് എന്ന ബാനറിൽ കളിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ലാലേട്ടൻ പിന്മാറിയെന്ന് പറഞ്ഞിട്ട് ക്രിക്കറ്റിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഞാനില്ല എന്ന് പറഞ്ഞ് മാറിയതല്ല ലാലേട്ടൻ, എല്ലാ സപ്പോർട്ടും കൊടുത്തിട്ടാണ്. ക്ലാഷൊന്നുമില്ല. ഈഗോ ക്ലാഷല്ല.' - ടിനി ടോം വ്യക്തമാക്കി.
മോളി കണ്ണമാലിയ്ക്ക് അംഗത്വമില്ലാത്തതിനാൽ 'അമ്മ' സഹായിക്കാത്തതിന്റെ കാരണത്തെക്കുറിച്ചും ടിനി ടോം വെളിപ്പെടുത്തി. 'ഒരു സംഘടനയ്ക്ക് അതിന്റെ നിയമവശങ്ങൾ വച്ചിട്ടേ നീങ്ങാൻ പറ്റുകയുള്ളൂ. പേഴ്സണൽ നമുക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാം. എന്നാൽ ഒരു സംഘടനയ്ക്ക് ചെയ്യണമെങ്കിൽ നിയമവശങ്ങൾ ഉണ്ട്. അങ്ങനെയാണെങ്കിൽ കേരളത്തിലെ ഏത് കലാകാരന്മാർക്ക് എന്ത് സംഭവിച്ചാലും ചെയ്യേണ്ടിവരും. അമ്മയിൽ അംഗത്വമെടുക്കുന്നതെന്തിനാണെന്ന് പറഞ്ഞാൽ അംഗങ്ങൾക്ക് കിട്ടുന്ന ആനുകൂല്യം മറ്റൊരാൾക്ക് കിട്ടില്ല. പിന്നെ പേഴ്സണലായി ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. ആദ്യം വീടുവച്ചുകൊടുക്കാൻ നേരം മമ്മൂക്കയാണ് ഏറ്റവും കൂടുതൽ ഹെൽപ് ചെയ്തത്. അല്ലാതെ പേഴ്സണലായിട്ട് പലരും സഹായിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ പേരിൽ ഒരു ഹെൽപ് ചെയ്തിട്ടില്ലെന്നേയുള്ളൂ. അംഗങ്ങളിൽ നിന്ന് ഒരുപാട് സഹായം അവർക്ക് കിട്ടിയിട്ടുണ്ട്. അമ്മ ചെയ്യുന്ന കാര്യങ്ങൾ പുറത്താരോടും പറയാറില്ല.'- അദ്ദേഹം പറഞ്ഞു.