നിയമസഭയിലെ സംഘർഷം; പതിനാല് ഭരണ - പ്രതിപക്ഷ എം എൽ എമാർക്കെതിരെ കേസെടുത്തു

Thursday 16 March 2023 2:18 PM IST

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ ഭരണ - പ്രതിപക്ഷ എം എൽ എമാർക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി എം എൽ എ സനീഷ് കുമാർ നൽകിയ പരാതിയിൽ ഭരണപക്ഷ എം എൽ എമാരായ സച്ചിൻദേവ്, എച്ച് സലാം, ഡെപ്യൂട്ടി ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

പന്ത്രണ്ട് പ്രതിപക്ഷ എം എൽ എമാർക്കെതിരെ വാച്ച് ആൻഡ് വാർഡും പരാതി നൽകിയിട്ടുണ്ട്. അൻവർ സാദത്ത്, റോജി എം ജോൺ, കെ കെ രമ, ഉമ തോമസ്, പി കെ ബഷീർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ എം എൽ എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.

ഇന്നലെ സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷ എം എൽ എമാർ പ്രതിഷേധിച്ചിരുന്നു. സ്പീക്കർ എ എൻ ഷംസീറിന് സഭയിൽ നിന്ന് ഓഫീസിലേക്ക് വഴിയൊരുക്കാൻ വാച്ച് ആൻഡ് വാർഡ് ശ്രമിക്കുന്നതിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണനെ അഡി. ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. കെകെ രമയെ ആറ് വാച്ച് ആൻഡ് വാർഡുമാർ തറയിലൂടെ വലിച്ചിഴച്ചു. മാത്യു കുഴൽനാടൻ, എം.വിൻസെന്റ്, സി.ആർ.മഹേഷ് അടക്കം നിരവധി എം.എൽ.എമാർക്ക് മർദ്ദനമേറ്റു. സംഘർഷത്തിൽ ഒൻപത് വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റിരുന്നു.