സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗമില്ലെന്ന് പറഞ്ഞാൽ വലിയ നുണ, ആന്റണി പെരുമ്പാവൂരിന്റെയടുത്ത് പൊലീസ് ഫുൾ ലിസ്റ്റ് കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി ടിനി ടോം
സിനിമാ മേഖലയിൽ മയക്കുമരുന്നില്ലെന്ന് പറഞ്ഞാൽ അത് താൻ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമെന്ന് നടൻ ടിനി ടോം. 'സിനിമയിൽ മാത്രമല്ല എല്ലായിടത്തുമുണ്ട്. പൊലീസുകാർ മണ്ടന്മാരൊന്നുമല്ല. അവരുടെ കൈയിൽ ഫുൾ ലിസ്റ്റുണ്ടെന്ന് ടിനി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ലാലേട്ടന്റെ വലം കൈ ആയിട്ടുള്ള ആന്റണി പെരുമ്പാവൂരിന് പൊലീസ് കൊടുത്ത ഇൻഫർമേഷൻ ഉണ്ട്. ഫുൾ ലിസ്റ്റുണ്ട്. ആരൊക്കെ, എന്തൊക്കെയാണെന്നുള്ളത്. ഇൻഫർമേഷൻ കിട്ടാതെ മായാലോകത്ത് ജീവിക്കുകയൊന്നുമല്ല അവർ. ഒരാളെ പിടിച്ചാൽ എല്ലാവരുടെയും പേര് കിട്ടും. അങ്ങനെ നിൽക്കുകയാണ്. പക്ഷേ കലാകാരന്മാരോടുള്ള ഇഷ്ടവും, നമ്മുടെ സ്വാതന്ത്ര്യവും... അല്ലെങ്കിൽ ലൊക്കേഷനിൽ കംപ്ലീറ്റ് റെയ്ഡ് മാത്രമായിരിക്കും.
നമുക്കൊന്നും ഒരിക്കലും സ്വസ്ഥമായി ഇരിക്കാൻ സാധിക്കില്ല. സിനിമാ മേഖലയിൽ മയക്കുമരുന്നില്ലെന്ന് പറയുകയാണെങ്കിൽ, ഞാൻ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമത്. സിനിമാ മേഖലയിൽ മാത്രമല്ല, നമ്മുടെ ചുറ്റും ഇത് കാണുന്നുണ്ട്. പൊലീസിന്റെ സ്‌ക്വാഡിനൊപ്പം, യോദ്ധാവ് എന്ന് പറയുന്ന അംബാസിഡറായി വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. അവർ എന്റെയടുത്ത് വന്നിട്ട് കൃത്യമായ വിവരം നൽകിയിട്ടുണ്ട്. ഈ സ്‌ക്വാഡിലുള്ള ആൾ സിനിമയിലുള്ളയാളാണ്. ഇവർ ഓപ്പറേഷൻ തുടങ്ങുകയാണെങ്കിൽ പലരും കുടുങ്ങും. അവർ പിടിച്ചാലും പിടിച്ചില്ലെങ്കിലും ജീവിതം കൈവിട്ട് കളയരുത്. അപ്പനെയും അമ്മയേയുമൊക്കെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്.'- ടിനി ടോം പറഞ്ഞു.