അടുത്ത അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ ഉടൻ വിദ്യാർത്ഥികളുടെ കൈകളിലെത്തും
പാലക്കാട്: അടുത്ത അദ്ധ്യയന വർഷം ജില്ലയിൽ ആവശ്യമുള്ള പാഠപുസ്തകങ്ങൾ ഡിപ്പോയിലെത്തി തുടങ്ങി. 7,09,960 പുസ്തകമാണ് ഷൊർണൂർ ബുക്ക് ഡിപ്പോയിൽ എത്തിയിട്ടുള്ളത്. വാർഷിക പരീക്ഷ കഴിഞ്ഞ് പോകുന്ന ദിവസം തന്നെ അടുത്ത വർഷത്തെ പുസ്തകവും കുട്ടികളുടെ കൈയിലെത്തിക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.
പരീക്ഷ കഴിയുന്നതിന് മുമ്പുതന്നെ ബാക്കി പുസ്തകങ്ങൾ കൂടി എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും മറ്റ് ക്ലാസുകളിലെ തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങളുമാണ് ഷൊർണൂർ ബുക്ക് ഡിപ്പോയിലെത്തിയിട്ടുള്ളത്.
ജില്ലയിൽ ആകെ 26.05 ലക്ഷം പുസ്തകങ്ങളാണ് എല്ലാ ക്ലാസുകൾക്കുമായി ആവശ്യമുള്ളത്. ഇതിൽ 24.44 ലക്ഷം എണ്ണം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കും ബാക്കി 1.61 ലക്ഷം പുസ്തകം അൺ എയ്ഡഡ് സ്കൂളുകളിലേക്കുമാണ്. കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നിന്ന് പ്രിന്റ് ചെയ്ത പുസ്തകങ്ങൾ കുടുംബശ്രീയാണ് തരംതിരിച്ച് ജില്ലയിലെ 236 സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കുന്നത്. സൊസൈറ്റികളിൽ നിന്നാണ് സ്കൂളുകളിലേക്ക് കൈമാറുന്നത്.
സാധരണ രണ്ട് ഘട്ടങ്ങളിലായാണ് പുസ്തകം നൽകുന്നത്. ആദ്യ വാല്യം ജൂണിൽ സ്കൂൾ തുറക്കുമ്പോൾ എല്ലാവർക്കും ലഭിക്കും. രണ്ടാം വാല്യം ഡിസംബറിന് മുന്നേ വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് ബാഗിന്റെ ഭാരം കുറയ്ക്കാനാണ് പുസ്തകങ്ങൾ വാല്യങ്ങളാക്കിയത്. പുസ്തകങ്ങൾക്കൊപ്പം യൂണിഫോമും നേരത്തേ തന്നെ നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.