പ്ലാസ്റ്റിക്ക് മാലിന്യ കേന്ദ്രമായി ജൈവ വള നിർമ്മാണ യൂണിറ്റ്

Friday 17 March 2023 5:22 AM IST
കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പ്രവർത്തന രഹിതമായ ജൈവ വള നിർമ്മാണ യൂണിറ്റ്.

ചിറ്റൂർ: ലക്ഷങ്ങൾ ചെലവ് കൊട്ടിഘോഷിച്ച് ആരംഭിച്ച കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ ജൈവ വള നിർമ്മാണ യൂണിറ്റ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ സൂക്ഷിപ്പുകേന്ദ്രമായി മാറി. കോരയാർ പുഴയോരത്ത് നിർജ്ജീവമായി കിടക്കുന്ന മാലിന്യ സംസ്കരണ കേന്ദ്ര പരിസരത്താണ് വളം നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്.

മുണ്ടൂർ ഐ.ആർ.ടി.സി പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്ഥാപനം 2021ലാണ് പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ശേഷം ഏതാനും ആഴ്ചകൾ മാത്രമാണ് കേന്ദ്രം പ്രവർത്തിച്ചത്. നിലവിൽ പഞ്ചായത്തിന്റെ ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി അടുക്കി വച്ചിരിക്കുകയാണ്.

കേന്ദ്രത്തിന് പുറത്ത് വേർതിരിക്കാത്ത മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്നുണ്ട്. തെരുവുനായ്ക്കളും പക്ഷികളും മാലിന്യം പരിസരത്തെ വീടുകളിലും പറമ്പുകളിലും കൊണ്ടിട്ട് നാടാകെ ദുർഗന്ധം പരത്തുന്നു. പദ്ധതി നിർവഹണത്തിൽ പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം വന്ന പാളിച്ചയാണ് കേന്ദ്രം തുടക്കത്തിൽ തന്നെ പ്രവർത്തന രഹിതമാകാൻ ഇടയായതെന്ന ആക്ഷേപം ശക്തമാണ്.

പുഴയോരത്താണ് മാലിന്യകേന്ദ്രം എന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ ജൈവവള നിർമ്മാണ കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്നും മാനദണ്ഡം കർശനമായി പാലിച്ച് മാലിന്യം സംസ്കരിക്കാൻ നടപടി സ്വീകരിക്കണം.

-പരിസരവാസികൾ

Advertisement
Advertisement