ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർത്തില്ല: മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

Friday 17 March 2023 2:32 AM IST

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് മനുഷ്യാവകാശ കമ്മിഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 17ന് വീണ്ടും പരിഗണിക്കും.  പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശി ഷീബ കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സയ്ക്ക് വിധേയയായത്. ഇതിൽ 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്. തുടർന്ന് വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റി വിട്ടെന്നാണ് പരാതി. ഷീബ ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് .