നേമം പദ്ധതി: എം.പിമാർ നിവേദനം നൽകി
Friday 17 March 2023 2:33 AM IST
ന്യൂഡൽഹി: നേമം റെയിൽവേ ടെർമിനൽ പദ്ധതി വെട്ടിച്ചുരുക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് എം.പിമാരായ അടൂർ പ്രകാശും ജോൺ ബ്രിട്ടാസും റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് പ്രത്യേകം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്റ്റേബിളിംഗ് ലൈനുകൾ, പവർകാർ ഷെഡ് തുടങ്ങിയവ ഒഴിവാക്കാനും പിറ്റ് ലൈനുകൾ രണ്ടായി ചുരുക്കാനുമുള്ള നീക്കം റെയിൽവേ മന്ത്രിയും ദക്ഷിണ റെയിൽവേ ജനറൽ മാനേജരും നൽകിയ ഉറപ്പിന്റെ ലംഘനമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. 2019ൽ തറക്കല്ലിട്ട പദ്ധതിയുടെ കാര്യത്തിൽ നാലു വർഷമായി അകാരണമായ കാലതാമസമാണുണ്ടായത്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമകൾക്ക് വസ്തു വിൽക്കാനോ വായ്പയെടുക്കാനോ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനോ സാധിക്കുന്നില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.