കൊവിഡ് വ്യാപനം: കേരളത്തിന് ജാഗ്രതാ നിർദ്ദേശം

Friday 17 March 2023 3:39 AM IST

ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ, ചികിത്സാ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്‌വാളിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മാർച്ച് എട്ടിന് 2082 ആയിരുന്നത് മാർച്ച് 15ന് 3254 കേസുകളായി വർദ്ധിച്ചു. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61ശതമാനം ആയിരിക്കെ കേരളത്തിലിത് 2.64ശതമാനമാണ്.

ജില്ലാ, ഉപജില്ലാ തലത്തിൽ നിരീക്ഷണവും പരിശോധനയും വാക്‌സിനേഷനും ശക്തമാക്കാനാണ് നിർദ്ദേശം. കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെടുമ്പോഴും ഇൻഫ്ളുവൻസ പോലുള്ള അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. അന്താരാഷ്‌ട്ര യാത്രക്കാരുടെ സാമ്പിളുകളുടെ ജനിതക ശ്രേണീകരണം, മുൻകരുതൽ വാക്‌സിൻ ഡോസ് നൽകൽ, ആൾക്കൂട്ട നിയന്ത്രണം തുടങ്ങിയ നടപടികളും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാ‌ക സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. എക്സ്.ബി.ബി 1.16 എന്ന വകഭേദമാണ് ഇന്ത്യയിൽ ഇപ്പോൾ വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement