കേന്ദ്രം കുറച്ചു, മുൻഗണനേതര അരി കുറഞ്ഞു: മന്ത്രി അനിൽ

Friday 17 March 2023 2:44 AM IST

തിരുവനന്തപുരം:റേഷൻ ധാന്യങ്ങളുടെ ട്രേഡ് ഓവർ വിഹിതം കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കാത്തതിനാലാണ് മുൻഗണനേതര കാർഡുകൾക്ക് ആവശ്യമായ അരി നൽകാൻ കഴിയാത്തതെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു.

കേന്ദ്രം അനുവദിക്കുന്ന 14.25 ലക്ഷം ടൺ ധാന്യത്തിൽ 10.35 ലക്ഷം ടൺ മുൻഗണനാ കാർഡുകൾക്കാണ് നൽകുന്നത്. ബാക്കിയാണ് ഇതര വിഭാഗങ്ങൾക്ക് നൽകുന്നത്. റേഷൻ വ്യാപാരികളുടെ കമ്മീഷൻ പാക്കേജ് പരിഷ്‌കരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെ റാഗി നൽകും. സ്‌കൂൾ കുട്ടികളിലും ചെറുധാന്യങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കും.

റേഷൻ കടകളിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കെ- സ്റ്റോർ പദ്ധതിയിൽ ഓരോ ജില്ലയിലും അ‍ഞ്ച് കടകൾ തെരഞ്ഞടുത്തിട്ടുണ്ട്. ആദ്യം രണ്ട് കി.മീ ചുറ്റളവിൽ ബാങ്ക്, അക്ഷയകേന്ദ്രങ്ങൾ, സപ്ലെകോ ഔട്ട്ലെറ്റുകൾ എന്നിവ ഇല്ലാത്ത സ്ഥലങ്ങളിലെ റേഷൻ കടകൾ ജനസേവന കേന്ദ്രങ്ങളാക്കും. ഈ കടകളിലൂടെ മിൽമ ഉല്പന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടർ വിപണനത്തിന് ഐ.ഒ.സി, മിൽമ എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. രണ്ടാംഘട്ടത്തിൽ കെ - സ്റ്റോറുകളാകാൻ താൽപര്യമുള്ള റേഷൻ കടകളെ ഉൾപ്പടുത്തും. കെ സ്റ്റോർ വഴി സപ്ലൈകോ സബ്സിഡി ഉല്പന്നങ്ങളുടെ വിപണനത്തിന് നയപരമായ തീരുമാനം വേണമെന്നും മന്ത്രി പറഞ്ഞു.