സിസാ തോമസ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു

Friday 17 March 2023 1:55 AM IST

തിരുവനന്തപുരം: സർക്കാരിന്റെ അനുമതി നേടാതെ സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലറുടെ ചുമതലയേറ്റതിന് സർക്കാർ അച്ചടക്ക നടപടിയെടുക്കുന്നതിനെതിരേ പ്രൊഫ. സിസാതോമസ് അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, അക്കൗണ്ടന്റ് ജനറൽ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.

അച്ചടക്ക, വകുപ്പുതല നടപടിയെടുക്കാതിരിക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകിയത്. ഗവർണറുടെ ഉത്തരവനുസരിച്ചാണ് ചുമതലയേറ്റതെന്നും സർക്കാരിന്റേത് ദുരുദ്ദേശ്യത്തോടെയുള്ള നടപടികളാണെന്നും സിസാ തോമസിന്റെ ഹർജിയിലുണ്ട്.

ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അച്ചടക്ക നടപടിയെടുക്കാൻ നിയമപരമായ അധികാരമില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ക്രമവിരുദ്ധമായാണ്. വി.സിയുടെ ചുമതല നൽകി ഉത്തരവിറക്കിയ ഗവർണർ ഉത്തരവിന്റെ പകർപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് അയച്ചിരുന്നതായും ഹർജിയിൽ പറയുന്നു.