പ‌ഞ്ച് ചെയ്ത് മുങ്ങിയാൽ ശമ്പളം നൽകരുത്

Friday 17 March 2023 2:57 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇനിമുതൽ പഞ്ചുചെയ്തശേഷം മുങ്ങുന്ന ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യണമെന്ന് മേലുദ്യോഗസ്ഥർക്ക് പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ നിർദ്ദേശം. ചില ജീവനക്കാർ മുങ്ങിനടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

ജീവനക്കാർ കൃത്യമായി ഹാജരാകുന്നുണ്ടെന്നും ജോലികൾ വീഴ്ചയില്ലാതെ ചെയ്യുന്നുണ്ടെന്നും മേലുദ്യോഗസ്ഥർ ഉറപ്പാക്കണം. ജോലി കൃത്യമായി ചെയ്യാത്ത ജീവനക്കാരുടെ ശമ്പളം നൽകേണ്ടതില്ലെന്ന നിർദ്ദേശം കൃത്യസമയത്ത് അക്കൗണ്ട്സ് സെക്ഷനുകളെ അറിയിക്കണം. അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു. ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അക്സസ് കൺട്രോൾ സിസ്റ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും സർവീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപ്പാക്കാനായില്ല. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

Advertisement
Advertisement