സുധാകരൻ  രാഷ്ട്രീയത്തെ  മലീമസമാക്കുന്നു: ശിവൻകുട്ടി

Friday 17 March 2023 12:02 AM IST

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിന്റെ നിലവാരം സുധാകരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ.

വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ.

രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികൾ ആണ് സമീപകാലത്ത് കോൺഗ്രസ് നടപ്പാക്കുന്ന രാഷ്ട്രീയം. തലമുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെയാണോയുള്ളത് എന്നറിയാൻ താല്പര്യം ഉണ്ട്. കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.