ലീഗ് സംസ്ഥാന കൗൺസിൽ നാളെ: പി.എം.എ സലാം തുടർന്നേക്കും

Friday 17 March 2023 12:00 AM IST

മലപ്പുറം: പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മുസ്‌ലിം ലീഗ് കൗൺസിൽ യോഗം നാളെ രാവിലെ 11ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ 19 ഭാരവാഹികളെയും 21 അംഗ സെക്രട്ടേറിയറ്റിനെയും 75 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുക്കും. 5,000 പാർട്ടി അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ 485 പ്രതിനിധികളും എക്സ് ഒഫിഷ്യോ അംഗങ്ങളും പങ്കെടുക്കും.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കും. മറ്റ്

പ്രധാന ഭാരവാഹികളെ സംബന്ധിച്ച് നേതൃതലത്തിൽ ധാരണയായിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്ത് പി.എം.എ. സലാം തുടർന്നേക്കും. കെ.പി.എ. മജീദ് നിയമസഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതിനെ തുടർന്നാണ് സലാം സംസ്ഥാന ജനറൽ സെക്രട്ടറിയായത്. സംഘടനാ സംവിധാനം കാര്യക്ഷമമായി ചലിപ്പിക്കാൻ സലാമിന് കഴിഞ്ഞെന്നാണ് പൊതു വിലയിരുത്തൽ. കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ പിന്തുണയും സലാമിനുണ്ട്. പാർട്ടി അദ്ധ്യക്ഷന് കീഴ്‌പ്പെട്ടുള്ള പ്രവർത്തന ശൈലിയും അനുകൂലമാണ്.

എം.കെ. മുനീർ പദവിയിൽ നോട്ടമിട്ടിട്ടുണ്ടെങ്കിലും, അനാരോഗ്യവും സമസ്തയുടെ താത്പര്യക്കുറവും വെല്ലുവിളിയാണ്. എം.കെ.മുനീർ,​ കെ.എം.ഷാജി,​ ഇ.ടി.മുഹമ്മദ് ബഷീർ,​ കെ.പി.എ.മജീദ് എന്നിവരുടെ നേതൃത്വത്തിൽ സലാമിനെതിരെ മറ്റൊരു പാനൽ അവതരിപ്പിച്ചേക്കും. ഐ.എൻ.എല്ലിൽ നിന്ന് ലീഗിലെത്തിയ സലാമിന് വീണ്ടും അവസരമേകുന്നതും ഉയർത്തിക്കാട്ടും. എന്നാൽ സലാമിനെതിരെ പൊതുസ്വീകാര്യനായ ഒരാളെ കണ്ടെത്താൻ ഇവർക്കായിട്ടില്ല. കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ തീരുമാനം മറികടക്കുകയും എളുപ്പവുമല്ല. പരസ്യ വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തരുതെന്ന മുന്നറിയിപ്പ് സാദിഖലി തങ്ങൾ നൽകിയിട്ടുണ്ട്.

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയോട് സാദിഖലി തങ്ങൾക്ക് താത്പര്യമുണ്ടെങ്കിലും മുജാഹിദ് പക്ഷം പൂർണ്ണമായി അവഗണിക്കപ്പെടുമെന്നതാണ് തടസം. എട്ട് വൈസ് പ്രസിഡന്റുമാരിലും 11 സെക്രട്ടറിമാരിലും പുതുമുഖങ്ങളും ഇടം പിടിക്കും. യുവതലമുറയ്ക്കും പ്രാതിനിധ്യമുണ്ടാവും. ഒരാൾക്ക് ഒരു പദവി നിബന്ധനയിൽ എം.എൽ.എ പദവിയെ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതിനാൽ നിയമസഭാംഗങ്ങളിൽ ചിലർ പാർട്ടി പദവിയിൽ വരും. നിലവിൽ മൂന്ന് എം.എൽ.എമാർ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്നുണ്ട്. 21 അംഗ സെക്രട്ടേറിയറ്റിൽ മുതിർന്ന നേതാക്കൾക്ക് പ്രാമുഖ്യമേകും. ഉച്ചയ്ക്ക് ശേഷം മൂന്നിന് പുതിയ കൗൺസിൽ യോഗം ചേരും.

Advertisement
Advertisement