ഓഹരിയിൽ നേരിയ ആശ്വാസം

Friday 17 March 2023 2:15 AM IST

മുംബയ്: തുടർച്ചയായി അഞ്ചു ദിവസം നഷ്ടത്തിലായിരുന്ന ഓഹരി വിപണയിൽ അല്പം ആശ്വാസം. ബാങ്കിംഗ്, ധനകാര്യ, ഊർജ മേഖലകളിലുണ്ടായ മുന്നേറ്റം മൂലം സെൻസെക്സ് 79 പോയിന്റ് ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധി ഉൾപ്പെടെയുള്ള ആഗോള ബാങ്കിങ് പ്രതിസന്ധിക്കിടയിലും യൂറോപ്യൻ വിപണിയിലുണ്ടായ മികച്ച തുടക്കവും നിക്ഷേപകർക്ക് തുണയായി. സെൻസെക്സ് 78.94 പോയിന്റ് വർധിച്ച് 57,634.84 ലും, നിഫ്റ്റി 13.45 പോയിന്റിന്റെ നേരിയ നേട്ടത്തിൽ 16,985.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 57,887.46 ലെത്തിയിരുന്നു.

സെൻസെക്സിൽ, നെസ്‌ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച് യുഎൽ, ടൈറ്റൻ, സൺ ഫാർമ, എസ് ബിഐ, പവർ ഗ്രിഡ്, ബജാജ് ഫിൻസേർവ് എന്നിവ ലാഭത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ്, വിപ്രോ, എച്ച് സി എൽ ടെക്ക്, റിലയൻസ് എന്നിവ നഷ്ടത്തിലായി. ഏഷ്യൻ വിപണിയിൽ ഷാങ്ഹായ്, ഹോങ്കോങ്, സിയോൾ എന്നിവ നഷ്ടത്തിലായി. യു എസ് വിപണി സമിശ്രമായാണ് ബുധനാഴ്ച വ്യാപരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ കുറഞ്ഞ് 82.78 രൂപയായി. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0 .76 ശതമാനം വർധിച്ച് ബാരലിന് 74.25 ഡോളറായി. വിദേശ നിക്ഷേപകർ ബുധനാഴ്ച 1,271.25 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.